തമിഴ്‌നാട്ടിൽ നിന്നും കോട്ടയത്തേയ്ക്കു പഴങ്ങൾ എത്തിക്കുന്ന ലോറി ഡ്രൈവർക്ക് കൊറോണ: ലോറി ഡ്രൈവർ പാലക്കാട് ചികിത്സയിൽ; ഒപ്പമുണ്ടായിരുന്ന ലോറി ഡ്രൈവർ കോട്ടയത്ത് എത്തി മടങ്ങി; കൊറോണ ബാധിതന്റെ സുഹൃത്ത് എത്തിയ കോട്ടയം ചന്തക്കടവിലെ ടി.എസ്.കെ ഫ്രൂട്ട്‌സ് അടച്ചു പൂട്ടി
തേർഡ് ഐ ബ്യൂറോ
കോട്ടയം: തമിഴ്‌നാട്ടിൽ നിന്നും പഴങ്ങളുമായി കോട്ടയത്തേയ്ക്കു തിരിച്ച ലോറി ഡ്രൈവർക്ക് പാലക്കാട് വച്ചു കൊറോണ സ്ഥിരീകരിച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ലോറി ഡ്രൈവർ കോട്ടയത്ത് എത്തി, ഫ്രൂട്ട്‌സ് നൽകി മടങ്ങി. കൊറോണ ബാധിതന്റെ പ്രൈമറി കോൺടാക്ട് പട്ടികയിൽ ഉൾപ്പെട്ട, ലോറി ഡ്രൈവർ എത്തിയ കോട്ടയത്തെ ഫ്രൂട്ട്‌സ് കടയാണ് അടച്ചു പൂട്ടിയത്.
രോഗിയ്‌ക്കൊപ്പം സമ്പർക്കത്തിൽ ഉള്ളയാൾ എത്തിയതായി കണ്ടെത്തിയത് കോട്ടയം ചന്തക്കടവിൽ പ്രവർത്തിക്കുന്ന ടി.എസ്.കെ ഫ്രൂട്ട്‌സ് ആണ് കൊറോണ ബാധിതന്റെ പ്രൈമറി കോൺടാക്ട് എത്തിയതായി കണ്ടെത്തിയതിനെ തുടർന്നു ആരോഗ്യ വകുപ്പ് എത്തി അടച്ചു പൂട്ടിയത്. ഈ സ്ഥാപനത്തിലെ ജോലിക്കാരെ ജനറൽ ആശുപത്രിയിൽ എത്തിച്ചു പരിശോധനയ്ക്കു വിധേയരാക്കിയിട്ടുണ്ട്. ഇവരുടെ ശ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്‌നാട്ടിൽ നിന്നും രണ്ടു ദിവസം മുൻപാണ് ലോറി ഡ്രൈവർമാർ അടങ്ങിയ സംഘം പാലക്കാട് എത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ ലോറി ഡ്രൈവർമാരിൽ ഒരാൾക്ക് അമിതമായ ശരീരോഷ്മാവ് ഉള്ളതായി കണ്ടെത്തി. തുടർന്നു ഇയാളെ പാലക്കാട്ട് നിരീക്ഷണത്തിൽ വച്ച ശേഷം, ഒപ്പമുണ്ടായിരുന്ന ഡ്രൈവറെ വാഹനവുമായി കോട്ടയത്തേയ്ക്കു യാത്ര തുടരാൻ അനുവദിച്ചു. ഇയാൾ കോട്ടയത്ത് എത്തി, ഫ്രൂട്ട്‌സ് ഇറക്കി തിരികെ പോയ ശേഷമാണ് തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർക്ക് കൊറോണ സ്ഥിരീകരിച്ചത്.
തുടർന്നു ആരോഗ്യ വകുപ്പ് ഇയാൾ സന്ദർശനം നടത്തിയ ചന്തക്കടവിലെ ഫ്രൂട്ട്‌സ് കടയിൽ എത്തുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ ഈ കടയിൽ എത്തിയ ആരോഗ്യ വകുപ്പ് അധികൃതർ കട അടച്ചു പൂട്ടാൻ നിർദേശം നൽകി. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ലോറി ഡ്രൈവർ കോട്ടയത്തു നിന്നും മടങ്ങിപ്പോയ ശേഷമാണ് രോഗ വിവരം തങ്ങൾ അറിഞ്ഞതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ജേക്കബ് വർഗീസ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
എന്നാൽ, നിലവിൽ ജില്ലയിൽ പേടിയ്‌ക്കേണ്ട സാഹചര്യം ഒന്നും നിലവിലില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൊറോണ ബാധിതന്റെ പ്രൈമറി കോൺടാക്ട് മാത്രമാണ് ജില്ലയിൽ എത്തിയത്. ഇയാളുടെ പരിശോധനാ ഫലം ഇനിയും വരാനിരിക്കുന്നുണ്ട്. ഇയാളുടെ റൂട്ട് മാപ്പ് അടക്കം ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.