കോവിഡിനിടയിൽ കോട്ടയത്ത് എലിപ്പനിയും ഡെങ്കിപ്പനിയും: സംസ്ഥാനത്ത് ഇന്ന് മൂന്നു പേർക്കു കൂടി കോവിഡ് 19: നെഗറ്റീവായത് 19 പേർ; കേരളം പ്രതിരോധത്തിൽ മുന്നിൽ നിൽക്കുന്നു; സംസ്ഥാനത്ത് നിയന്ത്രങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ; പ്രവാസികൾക്കും സാധ്യമായ സഹായം ചെയ്യുമെന്നും സർക്കാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മൂന്നു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ രണ്ടു പേർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധയുണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിൽ രണ്ടു പേർക്കും പാലക്കാട് ഒരാൾക്കുമാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
കോവിഡിനിടെ കോട്ടയത്ത് എലിപ്പനിയും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. കോട്ടയം മെഡിക്കൽ കോളേജിലാണ് ഇവ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. അതീവ ജാഗ്രതയോടെ വിഷയത്തെ കൈകാര്യം ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. കോവിഡ് 19 അവലോകനത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് 19 പേർക്കാണ് കോവിഡ് പരിശോധന നെഗറ്റീവാണ് എന്നു കണ്ടെത്തിയത്. കാസർകോട് ഏറ്റവും കൂടുതൽ ഭീതി ഉണ്ടായ സ്ഥലത്ത് പന്ത്രണ്ടു പേരാണ് നെഗറ്റീവായതായി കണ്ടെത്തിയത്. പത്തനംതിട്ടയിലും തൃശൂരിലും മൂന്നു പേർക്കു വീതവും കണ്ണൂരിൽ ഒരാളും രോഗത്തിൽ നിന്നും വിമുക്തി നേടിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 378 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 178 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 1,12182 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നു. 111468 പേർ വീടുകളിലും, ആശുപത്രികളിൽ 768 പേരും നിരീക്ഷണത്തിൽ കഴിയുന്നു. 86 പേരെയാണ് ഇന്ന് ആശുപത്രികളിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരാൻ നിർദേശിച്ചിട്ടുണ്ട്. വിഷു ദിനത്തിൽ രാവിലെ പ്രധാനമന്ത്രി ലോക്ക് ഡൗൺ സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തും. പ്രധാനമന്ത്രിയുടെ നിയന്ത്രണങ്ങളും നിർദേശങ്ങളുമായി സംസ്ഥാനം പൂർണമായും സഹകരിക്കും. നിയന്ത്രണങ്ങൾ കർശനമായി തുടരാൻ തന്നെയാണ് സർക്കാർ തീരുമാനം. നിയന്ത്രണങ്ങൾ തുടർന്നിട്ടു പോലും വിഷു ദിനത്തിന്റെ തലേന്ന് പലരും തെരുവിൽ ഇറങ്ങിയിട്ടുണ്ട്. സാമൂഹിക അകലം കൃത്യമായി പാലിച്ചില്ലെങ്കിൽ ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കു കത്ത് അയച്ചിട്ടുണ്ട്. വരുമാനം ഒന്നും ഇല്ലാത്തതിനാൽ വിദേശത്ത് പലർക്കും ജീവിതം അസാദ്ധ്യമാണ്. ഇവർക്കും മറ്റും അടിയന്തര ആവശ്യം നേരിടുന്നവർക്കും, സഹായം ആവശ്യമായി വന്നിട്ടുണ്ട്. ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ നാട്ടിലെത്തുന്നവരുടെ കോവിഡ് ടെസ്റ്റും, ക്വാറൈന്റൈനും അടക്കമുള്ളത് സംസ്ഥാന സർക്കാർ നിർവഹിക്കും.
പ്രവാസികളുടെ പ്രശ്‌നത്തിൽ സുപ്രീം കോടതി നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസികൾ മടങ്ങിയെത്തുമ്പോൾ സാധ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും, എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സർക്കാർ ഒരുക്കും. കൊവിഡ് 19 ന്റെ സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട് തിരികെ എത്തുന്ന പ്രവാസികളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ കേന്ദ്രം സ്വീകരിക്കണം.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നാലു പൊലീസ് സ്റ്റേഷനുകൾ പുതുതായി ആരംഭിക്കും. നാളെ മുതൽ ഈ പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കും. എല്ലാവർക്കും വിഷു ആശംസിച്ച മുഖ്യമന്ത്രി, വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു കൈമാറണമെന്നും നിർദേശിച്ചു. തിരുവല്ലയിൽ സൺഫ്‌ളവർ ഓയിൽ ഇറക്കാൻ ചെന്നവരോട് നോക്കു കൂലി ആവശ്യപ്പെട്ട സംഭവത്തിൽ കർശന നടപടി ഉണ്ടാകണം.