കാസർകോട്ടെ മണ്ണിട്ടു മൂടൽ: കെ.സുരേന്ദ്രൻ കൊലയ്ക്കു കൊടുത്തത് സ്വന്തം പാർട്ടിക്കാരെയും; മരിച്ചത് രണ്ടു ആർ.എസ്.എസുകാർ അടക്കം ഏഴു മലയാളികൾ
എ.കെ ജനാർദനൻ
കാഞ്ഞങ്ങാട്: കേരളത്തിൽ നിന്നുള്ളവർ അതിർത്തി കടക്കുന്നത് തടയാനായി റോഡിൽ മണ്ണിട്ടു മൂടിയ കർണ്ണാടകത്തിൻ്റെ നടപടിയിൽ ബിജെപി നേതൃത്വം യാതൊരു വിധ ഇടപെടലും നടത്താതെ വന്നതോടെ നഷ്ടമായത് രണ്ടു ആർ.എസ്.എസുകാരുടെ അടക്കം ഏഴു ജീവനുകൾ. കർണ്ണാടകയിലെ ബി.ജെ.പി നേതൃത്വവുമായി അടുത്ത ബന്ധമുള്ള ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, വിഷയത്തിൽ ആദ്യം മുതൽ കടുത്ത നിശബ്ദത സ്വീകരിച്ചതാണ് രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ അടക്കം ഏഴു ജീവനുകൾ പൊലിയുന്നതിന് ഇടയാക്കിയത്.
കാസർകോട് ജില്ലയിൽ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തു നിന്നും കർണ്ണാടകയിലേയ്ക്കുള്ള വഴി അടയ്ക്കാൻ ബിജെപി നേതൃത്വം നൽകുന്ന കർണ്ണാടക സർക്കാർ തീരുമാനിച്ചത്. ഇതേ തുടർന്നു കേരളത്തിൽ നിന്നും മംഗലാപുരത്തേയ്ക്ക് ആശുപത്രിയിൽ പോകാനുള്ളവർ പോലും വഴിയിൽ കുടുങ്ങുന്ന സ്ഥിതിയായി. ഗുരുതരമായ രോഗം ബാധിച്ചവർ പോലും സംസ്ഥാനത്തിനു പുറത്തേയ്ക്കു ചികിത്സ തേടി പോകാനാവാതെ വിഷമിച്ചു. ഇതിനിടെയാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടതും വഴി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും സംസ്ഥാന സർക്കാരിന്റെ ഈ ആവശ്യത്തെ പിൻതുണച്ചു. സംസ്ഥാന സർക്കാരിന് രാഷ്ട്രീയമായ പിൻതുണ കൂടി ലഭിച്ചു. ഇതിനു പിന്നാലെ ഹൈക്കോടതിയും വിഷയത്തിൽ ഇടപെട്ടു. കേസ് സുപ്രീം കോടതിയിൽ എത്തിയെങ്കിലും കർണ്ണാടകത്തിലെ ബിജെപി സർക്കാരിന്റെ നിലപാടിനൊപ്പം നിൽക്കാനാണ് കേന്ദ്രം ഭരിക്കുന്ന സർക്കാർ തീരുമാനിച്ചത്. ഇതോടെ കേരളത്തിലേയ്ക്കുള്ള വഴി തുറന്നു നൽകുന്ന കാര്യത്തിൽ ഉപാധികളോടെ ധാരണയായി.
എന്നാൽ, കേരളത്തിലേയ്്ക്കുള്ള വഴി അടച്ച കർണ്ണാടകയുടെ മനുഷത്വ രഹിതമായ നടപടി അതിവേഗം ഒരൊറ്റ കോളിലൂടെ പരിഹരിക്കാൻ സാധിക്കുന്ന ഒരു മനുഷ്യനുണ്ടായിരുന്നു കേരളത്തിൽ അത് മറ്റാരുമല്ല, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനായിരുന്നു. പതിനഞ്ചു വർഷത്തോളമായി കാസർകോടിനെ കർമ്മ മണ്ഡലമാക്കിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വളരെ എളുപ്പത്തിൽ വിഷയം പരിഹരിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, അദ്ദേഹം ഇതിനു തയ്യാറാകാതെ ഒളിച്ചു കളിക്കുന്ന രീതിയാണ് സൃഷ്ടിച്ചത്.
കർണ്ണാടകയിലെ രാഷ്ട്രീയ നേതാക്കളുമായി വ്യക്തിപരമായ അടുപ്പമുള്ള നേതാവാണ് കെ.സുരേന്ദ്രൻ. കാസർകോട് ജില്ലാ അതിർത്തിയിലും കർണ്ണാടക അതിർത്തിയിലും താമസിക്കുന്ന നൂറ് കണക്കിന് ബിജെപി നേതാക്കളും പ്രവർത്തകരുമായി കെ.സുരേന്ദ്രന് വ്യക്തി ബന്ധവും ഉണ്ട്. ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എല്ലാം കർണ്ണാടകയിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകരും നേതാക്കളുമാണ് എത്തുന്നത്. ഇത്തരത്തിൽ ആ സംസ്ഥാനത്ത് നിർണ്ണായക സ്വാധീനമുള്ള നേതാവാണ് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ ഇടപെടാതെ ഒളിച്ചു കളിച്ചത്. ഇത്തരത്തിൽ ഇദ്ദേഹം നടത്തിയ ഒളിച്ചു കളിയിലൂടെ പൊലിഞ്ഞത് സ്വന്തം പാർട്ടിക്കാർ അടക്കമുള്ള രണ്ടു പേരുടെ ജീവനാണ്.