
ഇരുപത് വർഷങ്ങൾക്കു ശേഷം ഗിരിയും താരയും വിവാഹിതരായി: ഒരേ ബസിൽ കണ്ടക്ടറും ഡ്രൈവറുമായി ജോലി ചെയ്ത പ്രണയിതാക്കൾക്ക് കോറോണക്കാലത്ത് മാംഗല്യ സാഫല്യം
സ്വന്തം ലേഖകൻ
ഹരിപ്പാട്: ഇരുപതാണ്ടത്തെ പ്രണയത്തിനൊടുവിൽ ഗിരി ഗോപിനാഥും താരയും വിവാഹിതരായി. ജാതകത്തിലെ പൊരുത്തക്കേടു കാരണം വീട്ടുകാർ എതിർത്തു. എന്നാൽ ഇരുവരും ക്ഷമയോടെ കാത്തിരുന്നു.
അവസാനം ഞായറാഴ്ച കരുനാഗപ്പള്ളി കല്ലേശ്ശേരിൽ ഭദ്രകാളീക്ഷേത്രത്തിൽ വെച്ച് ഗിരി താരയ്ക്ക് താലികെട്ടി. പ്രണയ ജോഡികൾ വിവാഹിതരായത്. ഇരുവരും കെഎസ്ആർടിസി ജീവനക്കാരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി കിട്ടിയ കാലം മുതൽ ഗിരി ഓടിക്കുന്ന ബസിലെ കണ്ടക്ടറായി ജോലി നോക്കുകയാണ് താര. ഗിരിക്ക് കെ.എസ്.ആർ.ടി.സി.യിൽ ഡ്രൈവറായി ജോലി കിട്ടിയപ്പോൾ സ്വകാര്യസ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് താരയും പി.എസ്.സി. ടെസ്റ്റ് എഴുതി.
അങ്ങനെ ഗിരി ഓടിക്കുന്ന ബസിൽ കണ്ടക്ടറായി. 10 വർഷമായി താരയുടെ ബെല്ലിനൊപ്പം ഗിരി ബസ് ഓടിക്കുവാണ്. കൊറോണയായതിനാൽ ആഡംബരമില്ലാതെയായിരുന്നു വിവാഹം.
2000ത്തിൽ, അമ്മാവനെ ബിസിനസിൽ സഹായിക്കാൻ നിൽക്കുന്ന കാലത്താണ് തോട്ടപ്പള്ളി വേലഞ്ചിറ തോപ്പിൽ വീട്ടിൽ ഗിരി ഗോപിനാഥ് അവിടെ കമ്പ്യൂട്ടർ ഓപ്പറേറ്ററായിരുന്ന മുതുകുളം താരാ നിലയത്തിൽ താരാ ദാമോദരനെ പരിചയപ്പെടുന്നത്.
പരിചയം പ്രണയത്തിലേക്കു വഴിമാറി. അന്ന് താരയ്ക്ക് 24 വയസ്സ്. ഗിരിക്ക് 26. 2007ൽ ഗിരിക്ക് കെഎസ്ആർടിസിയിൽ ഡ്രൈവറായി ജോലി കിട്ടി. താര 2010 ൽ കണ്ടക്ടറായി
പരസ്പരം ഇഷ്ടപ്പെട്ട് കല്യാണാലോചന തുടങ്ങിയപ്പോഴാണ് ജാതകം വില്ലനായി രംഗം പ്രവേശനം ചെയ്തത്. ജാതകച്ചേർച്ചയില്ലാത്ത വിവാഹം ആപത്തുവരുത്തുമെന്നായിരുന്നു ഗിരിയുടെ അച്ഛൻ ഗോപിനാഥന്റെ വിശ്വാസം.
അച്ഛനെ വിഷമിപ്പിക്കേണ്ടെന്ന് കരുതി വിവാഹം നീട്ടിവെക്കാൻ ഇരുവരും തീരുമാനിച്ചു. ഗോപിനാഥൻ ഏഴുമാസം മുൻപ് മരിച്ചു. അച്ഛന്റെ കാലശേഷമാണ് വിവാഹത്തെപ്പറ്റി പിന്നീട് ചിന്തിക്കുന്നത്.
ഗിരിയുടെ ഏക സഹോദരിയുടെ വിവാഹം നേരത്തേ നടത്തി. താരയുടെ ഇളയ സഹോദരി 14 വർഷം മുമ്പ് വിവാഹിതയായിരുന്നു. ഗിരിക്ക് 2007-ലാണ് കെ.എസ്.ആർ.ടി.സി.യിൽ ജോലികിട്ടുന്നത്.
മൂന്നുവർഷത്തിനുശേഷം താര കണ്ടക്ടറായെത്തി. ഹരിപ്പാട്-കോട്ടയം ഫാസ്റ്റ് പാസഞ്ചർ, ഹരിപ്പാട് -ചവറ-ചേർത്തല ലോ ഫ്ളോർ ബസുകളിൽ ഇരുവരും ഏറെനാൾ ഒന്നിച്ച് ജോലിചെയ്തു.
ആറുമാസമായി കരുനാഗപ്പള്ളി ഓർഡിനറിയിലാണ്. 10 വർഷത്തിനിടെ കഷ്ടിച്ച് ഒന്നരവർഷം മാത്രമാണ് ഇരുവരും വെവ്വേറെ ബസുകളിൽ ജോലിചെയ്തത്.ഓടിക്കുന്ന ബസുകളിൽ ആധുനിക സൗണ്ട് സിസ്റ്റവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതാണ് ഗിരിയുടെ ശീലം.
ഇപ്പോൾ ഒടിക്കുന്ന കരുനാഗപ്പള്ളി റൂട്ടിലെ ഓർഡിനറി ആർ.എസ്.എ. 220 ബസിൽ സ്റ്റീൽ വീൽക്കപ്പുകളും സൗണ്ട് സിസ്റ്റവും വൃത്തിയുള്ള സീറ്റുകളും കിന്നരി തൂക്കി അലങ്കരിച്ച ഉൾവശവുമെല്ലാം ചേർത്ത് മോടിയാക്കിയിരിക്കുന്നു ഗിരി.