
തമിഴ്‌നാട്ടിൽ നിന്നും വ്യാജ വാറ്റും ചാരായവും ഒഴുകുന്നു: ലഹരി കൂട്ടാൻ കഞ്ചാവ് സത്തും: സംസ്ഥാനത്തേയ്ക്ക് എത്തിക്കാൻ പ്രത്യേക ഏജന്റുമാർ
സ്വന്തം ലേഖകൻ
കോട്ടയം: വിദേശമദ്യം കിട്ടാതായതോടെ വ്യാജവാറ്റ് ഉണ്ടാക്കുന്നത് വർദ്ധിച്ചു. നാടൻ ചാരായം എവിടെയും സുലഭമായി. എക്‌സൈസ് ഒന്നിനു പിറകെ ഒന്നായി പിടിക്കുന്നുണ്ടെങ്കിലും തമിഴ്‌നാട്ടിൽ നിന്നും വ്യാജചാരായവും വാറ്റ് ചാരായവും കേരളത്തിലേക്ക് പ്രവഹിക്കുകയാണ്.
സ്പിരിറ്റ് വെള്ളം ചേർത്ത് നേർപ്പിച്ചാണ് വ്യാജചാരായം വിതരണം ചെയ്യുന്നത്. ഇത് പ്രധാനമായും എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. ലഹരി കൂടാൻ ഇതിൽ കഞ്ചാവ് സത്തും കൂട്ടി ചേർത്താണ് നിർമാണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കേരളത്തിലെത്തിക്കാൻ പ്രത്യേക ഏജന്റുമാരുണ്ട്. പച്ചക്കറി ലോറികളിലാണ് ഇത് പ്രധാനമായും എത്തുന്നത്. കൂടാതെ സവാള, ഉള്ളി തുടങ്ങിയവ കൊണ്ടുവരുന്ന ലോറികളിലും ഇത് കേരളത്തിലേക്ക് എത്തുന്നു.
ഒരു ലിറ്റർ വ്യാജചാരായത്തിന് 180 രൂപയാണ് വില. നേരത്തെയും ഇത് കേരളത്തിലെത്തിയിരുന്നെങ്കിലും വളരെ കുറവായിരുന്നുവെന്ന് ഇടുക്കി രാജകുമാരി സ്വദേശി പറയുന്നു.
എന്നാൽ ഇപ്പോൾ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പരക്കെ ചാരായം വാറ്റുന്നുണ്ട്. വാറ്റുചാരയം ഒരു ലിറ്റർ കിട്ടണമെങ്കിൽ 250 രൂപയാണ് വില. ആളും തരവും കണ്ടേ വാറ്റ് ചാരായം വിതരണം ചെയ്യുകയുള്ളു.
വിദേശമദ്യക്കടകൾ അടഞ്ഞതോടെ ഞൊടിയിടയിലാണ് വാറ്റുകാർ രംഗപ്രവേശനം ചെയ്തത്. ഇന്നലെ കേരള-തമിഴ്‌നാട് അതിർത്തിയിൽ പടുതാക്കുളത്തിൽ സൂക്ഷിച്ചിരുന്ന 1300 ലിറ്റർ കോടയാണ് എക്‌സൈസ് എത്തി കമഴ്ത്തി കളഞ്ഞ് നശിപ്പിച്ചു
രാമൽക്കൽമേട് വ്യൂ പോയിന്റിന് സമീപത്തുനിന്നാണ് വാറ്റാൻ പാകമായ അഞ്ച് ബാരലുകളിലായി സൂക്ഷിച്ചിരുന്ന കോട കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഈ പ്രദേശത്തുനിന്ന് നാല് കേസുകളിലായി 3,000 ലിറ്റർ കോടയും ചാരായവും
പിടിച്ചെടുത്തിരുന്നതായി ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.ജി ടോമി പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വാറ്റ് ചാരായവും കോടയും എക്‌സൈസ് പിടിച്ചെടുത്തിരുന്നു.
മുണ്ടക്കയം, ചങ്ങനാശേരി, തിരുവാർപ്പ്, പാലാ മേഖലകളിൽ നിന്ന് ലിറ്റർ കണക്കിന് വാറ്റ് ചാരായം പിടികൂടിയെങ്കിലും ഇപ്പോഴും വാറ്റുകാർ സജീവമാണ്. പാടശേഖരങ്ങളും വനമേഖലകളും കേന്ദ്രീകരിച്ച് ചാരായമുണ്ടാക്കി മറ്റ് ജില്ലകളിലേയ്ക്ക് കടത്തുന്നെന്ന സംശയവുമുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ വാഹന പരിശോധന കുറഞ്ഞത് വാറ്റുകാർക്ക് ഗുണകരമാകുമ്പേൾ അതിനെ മറികടക്കാൻ പൊലീസുമായി ചേർന്നുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. വാറ്റു ചാരായത്തിന് ഇപ്പോഴും വൻ ഡിമാൻഡാണ്.
മദ്യത്തിന്റെ ദൗർലഭ്യം കൂടിയാകുമ്‌ബോൾ സാഹചര്യം മുതലെടുക്കുകയാണ് വാറ്റുകാർ. യു ട്യൂബ് നോക്കി വീടുകളിൽ വാറ്റ് നടത്തുന്നവരുണ്ടെന്ന വിവരവും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.
ജില്ലയിലെ സ്ഥിരം വാറ്റുകാരെല്ലാം നിരീക്ഷണത്തിലാണ്. കിലോക്കണക്കിന് ശർക്കരയും മറ്റും വാങ്ങുന്നവരുടെ പേരും മറ്റും രേഖപ്പെടുത്താൻ കടക്കാർക്കും നിർദ്ദേശമുണ്ട്. എല്ലാ റേഞ്ചുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.
” വാറ്റുകാരെ കീഴടക്കാൻ എക്‌സൈസ് പ്രവർത്തനം ഊർജ്ജിതമാണ്. സ്ഥിരം കേന്ദ്രങ്ങളും ആളുകളും നിരീക്ഷണത്തിലാണ്. ശക്തമായ നടപടി സ്വീകരിക്കും”എ.ആർ.സുൽഫിക്കർ, എക്‌സൈസ് ഡെപ്യൂട്ടി ഡയറക്ടർ
അതേ സമയം കൊവിഡിനെതിരെ സാനിറ്റൈസർ ഉണ്ടാക്കാൻ ജില്ലയിലെ വിവിധ ആശുപത്രികളിലേയ്ക്ക് 1400 ലിറ്റർ സ്പിരിറ്റ് എക്‌സൈസ് ലഭ്യമാക്കി. കോട്ടയം മെഡിക്കൽ കോളേജിലാണ് ഏറ്റവും കൂടുതൽ സ്പിരിറ്റ് നൽകിയത്. തിരുവല്ല ട്രാവൻകൂർ ഷുഗർമില്ലിൽ നിന്നാണ് സ്പിരിറ്റ് എത്തിച്ചത്.