പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ഒരാൾ കൂടി പൊലീസ് പിടിയിലായി; അൽപ സമയത്തിനകം ഐജി ശ്രീജിത്ത് പായിപ്പാട് എത്തും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചങ്ങനാശേരി: പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിനു പിന്നിലെ ഗുഡാലോച അന്വേഷിക്കുന്ന പൊലീസ് സംഘം കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ അൻവർ അലിയെയാണ് തിങ്കളാഴ്ച വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗാൾ മാൾഡാ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെ നേരത്തെ ഈ കേസിൽ പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ അതിഥി തൊഴിലാളി ക്യാമ്പുകൾ സന്ദർശിക്കുന്നതിനായി ഈ ക്യാമ്പുകളുടെ ചുമതയുള്ള ഐ.ജി എസ്.ശ്രീജിത്ത് അൽപ സമയത്തിനകം പായിപ്പാട് എത്തും.

കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അതിഥി തൊഴിലാളികൾ നാട്ടിലേയ്ക്കു പോകണമെന്ന ആവശ്യവുമായി പായിപ്പാട് ടൗണിൽ ഒത്തു കൂടിയത്. തുടർന്നു ഇവർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുകയായിരുന്നു. തുടർന്നു സ്ഥലത്ത് എത്തിയ പൊലീസ് ലാത്തി വീശിയാണ് ഇവരെ പിരിച്ചു വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ഒന്നിലധികം സംഘടകൾക്കു സംഭവത്തിൽ ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനും, പഠിക്കുന്നതിനുമായി ഐജി ശ്രീജിത്തിനെ നിയോഗിച്ചത്. പ്രശ്‌നമുണ്ടായ പായിപ്പാട് തന്നെയാണ് ഐജി ആദ്യം സന്ദർശനം നടത്തുക. രാവിലെ ഇവിടെ എത്തുന്ന ഐജി പായിപ്പാട്ടെ ക്യാമ്പുകളിൽ സന്ദർശനം നടത്തും.

ഇതുവരെ രണ്ടു അതിഥി തൊഴിലാളികളെയാണ് പൊലീസ് സംഘം പിടികൂടിയിരിക്കുന്നത്. രണ്ടു പേരും സംഭവ ദിവസം ആളുകളെ വിളിച്ചു കൂട്ടിയതാണ് എന്നു ഫോൺ നമ്പരുകൾ പരിശോധിച്ച പൊലീസ് സംഘം കണ്ടെത്തിയിരുന്നു. അതിഥി തൊഴിലാളികളെ വിളിച്ചു കൂട്ടിയതിന്റെ നമ്പരുകൾ ഇരുവരുടെയും മൊബൈലിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. അൻപതോളം മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുമുണ്ട്.

ഇതിനിടെ സംഭവത്തിനു പിന്നിലെ ഗൂഡാലോചന അന്വേഷിക്കുന്നതിനായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയും, ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറുമാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്. തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ സാജു വർഗീസ്, പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്ത്, കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.സലിം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികളെ ഇളക്കി വിട്ടതിനു പിന്നിൽ, തീവ്ര സ്വഭാവമുള്ള സംഘടനകളുണ്ടെന്ന സൂചന പൊലീസിനും ലഭിച്ചിട്ടുണ്ട്. ഈ സംഘടകളാണ് വാട്‌സ്അപ്പിൽ ഓഡിയോ സന്ദേശം പ്രചരിപ്പിച്ച് തൊഴിലാളികളെ ഇളക്കി വിട്ടതെന്നാണ് പൊലീസിന് ലഭിക്കുന്ന സ്ഥിരീകരിക്കാത്ത സൂചന. ഈ സാഹചര്യത്തിൽ പ്രതികളെയും, അതിഥി തൊഴിലാളികളെയും ഇളക്കി വിട്ടവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ടായിരത്തോളം അതിഥി തൊഴിലാളികൾക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തു.