കൊറോണ വൈറസിനെ തുരത്താൻ തമിഴ്‌നാട്ടിൽ മഞ്ഞളും ആര്യവേപ്പും തളിച്ചപ്പോൾ ഉത്തർപ്രദേശിൽ തൊഴിലാളികളെ റോഡിൽ കൂട്ടമായിരുത്തി അണുനാശിനി തളിച്ചു: സംഭവം വിവാദമായപ്പോൾ തൊഴിലാളികളെ അണുവിമുക്തരാക്കാനെന്ന് വിശദീകരിച്ചു പൊലീസ് : ഞെട്ടിക്കുന്ന നടപടിയെന്ന് പ്രിയങ്ക ഗാന്ധി
സ്വന്തം ലേഖകൻ
ബറേലി: തമിഴ്‌നാട്ടിൽ മഞ്ഞളും ആര്യവേപ്പും കലർത്തിയ വെള്ളം തളിച്ചപ്പോൾ ഉത്തർപ്രദേശിൽ തൊഴിലാളികളെ റോഡിൽ കൂട്ടമായിരുത്തി അണുനാശിനി തളിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് സ്വന്തം നാട്ടിലെത്തിയ തൊഴിലാളികളെ റോഡിൽ കൂട്ടമായിരുത്തി അണുനാശിനി തളിക്കുന്ന വിഡിയോ ദൃശ്യം പുറത്ത്. ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾക്കിടവച്ചിരിക്കുന്നത്.
ലഖ്‌നൗവിൽ നിന്ന് 270 കിലോമീറ്റർ അകലെയാണ് ബറേലി. ഇവിടെ സർക്കാർ ഏർപ്പെടുത്തിയ ബസിൽ വന്നിറങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ റോഡിൽ കൂട്ടമായിരുത്തിയാണ് ദേഹം മുഴുവൻ മൂടുന്ന ആവരണം ധരിച്ച മൂന്നു പേർ അണുനാശിനി തളിക്കുന്നത്. പൊലീസുകാർ കാഴ്ചക്കാരായി നിൽക്കുന്നതും വിഡിയോയിൽ കാണാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാവരും കണ്ണുകൾ അടച്ചു പിടിക്കൂ, കുട്ടികളുടെ കണ്ണുകളും പൊത്തിപ്പിടിക്കൂ’ എന്ന് ഒരാൾ വിളിച്ചു പറയുന്നതും കേൾക്കാൻ സാധിക്കും. ഞെട്ടിക്കുന്ന നടപടിയാണെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചു.
‘ യു.പി സർക്കാറിനോട് ഒരു അഭ്യർഥനയുണ്ട്. നമ്മൾ ഒറ്റക്കെട്ടായി കൊറോണയെന്ന ഈ പ്രതിസന്ധിയെ നേരിടുകയാണ്. ഈ സാഹചര്യത്തിൽ ഇത്തരം മനുഷ്യത്വരഹിത നടപടികൾ ഒഴിവാക്കണം. ഈ തൊഴിലാളികൾ ഒരുപാട് സഹിച്ചവരാണ്. അവരുടെ മേൽ രാസവസ്തുക്കൾ തളിക്കരുത്. അതവരെ സുരക്ഷിതരാക്കില്ല. അവരുടെ ആരോഗ്യത്തെ നശിപ്പിക്കുകയേ ഉള്ളൂ’- പ്രിയങ്ക ട്വിറ്ററിൽ എഴുതി.
അതേസമയം, രാസവസ്തുവല്ല ക്ലോറിൻ കലക്കിയ വെള്ളമാണ് തളിക്കന്നതെന്ന വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. ‘ഇത് മനുഷ്യത്വരഹിത നടപടി അല്ല. ഒരു പാട് തിരക്കിൽപ്പെട്ട് വന്നവരായത് കൊണ്ട് തൊഴിലാളികളെ അണുവിമുക്തരാക്കേണ്ടത് അനിവാര്യമാണ്. അതിന് ശരിയെന്ന് തോന്നിയത് ഞങ്ങൾ ചെയ്‌തെന്നേയുള്ളു’ – ഒരു ഉദ്യോസ്ഥന്റെ പ്രതികരണം
സംഭവം സംബന്ധിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. യു.പി. സർക്കാറിന്റെ ക്രൂരതക്കും അനീതിക്കും ഉദാഹരണമാണ് ഇതെന്ന് മുൻ മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി വിമർശിച്ചു.
അതേ സമയം തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ മഞ്ഞളും ആര്യവേപ്പും കലർത്തിയ വെള്ളം തെരുവുകളിൽ തളിച്ചു. മുതുക്കുളത്തൂർ ജില്ലയിലെ പേരയ്യൂർ ഗ്രാമത്തിലെ തെരുവുകളിലാണ് വീപ്പകളിൽ കൊണ്ടുവന്ന മഞ്ഞൾ- ആര്യവേപ്പ് കലർത്തിയ വെള്ളം തളിച്ചത്.നേരത്തേ മഞ്ഞൾ പാലിൽ ചേർത്തു കുടിച്ചാൽ കൊറോണയെ കൊല്ലാമെന്നും
മഞ്ഞളും ചെറുനാരങ്ങയും ഉപയോഗിച്ചാൽ കോവിഡ് ബാധ ഭേദമാകുമെന്ന അവകാശവാദമുന്നയിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിനെ കൊല്ലാൻ ഗോമൂത്രത്തിന് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുമഹാസഭയും രംഗത്തെത്തിയിരുന്നു.മഞ്ഞൾ ആര്യവേപ്പ് വെള്ളം തളിച്ചതിന് ശേഷം പ്രദേശത്ത് ബ്ലീച്ചിങ് പൗഡർ വിതറുകയും ചെയ്തു.മഞ്ഞളും ആര്യവേപ്പും അണുനാശിനിയായാണ് ഉപയോഗിക്കുന്നതെന്ന് ഗ്രാമവാസികളിൽ ഒരാൾ പറഞ്ഞു.
രാമനാഥപുരം ജില്ലയിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ജില്ല ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.തമിഴ്‌നാട്ടിൽ പുതുതായി 17 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 67 ആയി.