സ്വന്തം ലേഖകൻ
കോട്ടയം: അപകടത്തിന്റെ ആഴത്തിൽ നിന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും കുടുംബത്തെയും കൈപിടിച്ച് രക്ഷിച്ചത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി.
അപകടത്തിന്റെ ആഴത്തിലേയ്ക്കു പോകുകയായിരുന്നുവരെ ആശുപത്രിയിലെത്തിച്ചാണ് ഉമ്മൻചാണ്ടി രക്ഷകനായത്. അപകടത്തിൽ പരിക്കേറ്റ കടപ്ലാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുളിക്കീഴും ഭാര്യയും കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം തോമസും ഭാര്യയും വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്നത് തോമസായിരുന്നു. ഈ സമയം എം.എം ജേക്കബിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി രാമപുരത്തെ വീട് സന്ദർശിച്ച ശേഷം മടങ്ങിയെത്തുകയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
ഉമ്മൻചാണ്ടി സഞ്ചരിച്ച വാഹനത്തിന്റെ മീറ്ററുകൾ മുന്നിലായാണ് തോമസിന്റെ വാഹനം കടന്നു പോയിരുന്നത്. പെട്ടന്ന് റോഡിൽ നിന്നു തെന്നിമാറിയ കാർ റോഡരികിലെ റബർ തോട്ടത്തിലേയ്ക്കു പാഞ്ഞു. അപകടം കണ്ട് ഉമ്മൻചാണ്ടി സഞ്ചരിച്ച വാഹനം നിർത്തി പുറത്തിറങ്ങി. ഇവർ അടുത്തെത്തും മുൻപ് കാർ റബർ തോട്ടത്തിലെ മരത്തിലിടിച്ചിരുന്നു. മുൻവശം പൂർണമായും കാറിന്റെ തകർന്നു. ഈ റബർമരത്തിനു തൊട്ടു ചേർന്ന് ഒരു പൊട്ടക്കിണറുണ്ടായിരുന്നു. കാർ ഒരൽപം മുന്നോട്ട് എടുത്തിരുന്നെങ്കിൽ വൻ ദുരന്തമായേനെ സംഭവിക്കുക.
ഉടൻ തന്നെ ഓടിയെത്തിയ ഉമ്മൻചാണ്ടിയും, ഗൺമാനും ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെ കാറിൽ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തോമസിനു കാലിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പ്രാഥമിക ശുശ്രൂഷ നൽകി. ഭാര്യയ്ക്ക് തലയ്ക്കു സാരമായി പരിക്കേറ്റതായി കണ്ടെത്തിയതിനെ തുടർന്നു കാരിത്താസ് ആശുപത്രിയിൽ സ്‌കാനിംഗിനു വിധേയനാക്കി. എന്നാൽ, വിദഗ്ധ പരിശോധനയിൽ പരിക്ക് ഗുരതരമല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. തോമസ് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.
രാമപുരത്ത് എത്തിയ ശേഷം ആന്ധ്രയിലേയ്ക്കു പോകാനായിരുന്നു ഉമ്മൻചാണ്ടിയുടെ പദ്ധതി. അപകടത്തെ തുടർന്നു വൈകിയതിനാൽ രാത്രി എട്ടരയുടെ വിമാനത്തിൽ നെടുമ്പാശേരിയിൽ നിന്നാണ് അദ്ദേഹം യാത്ര തിരിച്ചത്.