കൊറോണക്കാലത്തും മദ്യ വിൽപ്പന സജീവമാക്കി നഗരമധ്യത്തിലെ അജ്ഞലി പാർക്ക്: മദ്യം വിൽക്കുന്നത് അഞ്ചിരട്ടി വിലയ്ക്ക്; തേർഡ് ഐ ഇൻവെസ്റ്റിഗേഷൻ
എ.കെ ജനാർദനൻ
കോട്ടയം: കൊറോണക്കാലത്തും മദ്യവിൽപ്പന സജീവമാക്കി കോട്ടയം നഗരത്തിലെ അഞ്ചലി പാർക്ക് ബാർ. ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ വഴിയാണ് മദ്യവിൽപ്പന സജീവമായി നടത്തിയത്. അഞ്ചിരട്ടി വിലയ്ക്ക് ലോക്കൽ ബ്രാൻഡ് മദ്യങ്ങളാണ് ബാറിലൂടെ വിൽപ്പന നടത്തിയിരുന്നത്. തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കൊറോണക്കാലത്തും മദ്യവിൽപ്പന സജീവമാണെന്നു കണ്ടെത്തി. ലോക്കൽ ബ്രാൻഡ് മദ്യം പോലും 800 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് തേർഡ് ഐ ബ്യൂറോ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ശനിയാഴ്ച ഉച്ചയോടെയാണ് മദ്യം വാങ്ങാനെന്ന വ്യാജേനെ തേർഡ് ഐ ബ്യൂറോ സംഘം അഞ്ജലി പാർക്കിനു മുന്നിലെത്തിയത്. ജനപ്രിയ ലോക്കൽ ബ്രാൻഡ് മദ്യം ലഭിക്കുമോ എന്നായിരുന്നു സെക്യൂരിറ്റി ജീവനക്കാരനോടുള്ള ചോദ്യം. മദ്യം ലഭിക്കുമെന്നു പറഞ്ഞ, ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. ഫോൺ ഓഫ് ചെയ്തുവെന്നും, കയ്യിൽ ക്യാമറ ഒന്നുമില്ലെന്നും ഉറപ്പാക്കിയ ശേഷമാണ് ഇയാൾ പണം വാങ്ങി മദ്യം നൽകിയത്. ജനപ്രിയ ബ്രാൻഡ് മദ്യത്തിന് 800 രൂപ വരെയാണ് പയിന്റിന് പോലും ഈടാക്കിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാറിനു മുന്നിൽ ബാർ അവധിയാണെന്നു എഴുതി വച്ചിട്ടുണ്ട്. എന്നാൽ, സെക്യൂരിറ്റീ ജീവനക്കാരനെ കണ്ട് രണ്ടു തവണ ചോദിച്ചാൽ മദ്യം ലഭിക്കും. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ അഞ്ജലി പാർക്കിൽ നിന്നും നഗരത്തിലെ ഹോട്ടൽ തൊഴിലാളികളിൽ ഒരാൾ മദ്യം വാങ്ങിയെന്ന വിവരം തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തേർഡ് ഐ അന്വേഷണവുമായി എത്തിയത്. ആദ്യം രണ്ടു തവണ തേർഡ് ഐ ബ്യൂറോ സംഘം ബാറിനു മുന്നിൽ എത്തി.
എന്നാൽ, രണ്ടു തവണയും സെക്യൂരിറ്റി ജീവനക്കാരനെ കണ്ടെത്താൻ സാധിച്ചില്ല. ഹോട്ടലിനുള്ളിൽ കയറിയെങ്കിലും മാനേജർ ക്യാബിനുള്ളിൽ നിന്നും ഇറക്കി വിടുകയും ചെയ്തു. ഇതിനു ശേഷം മൂന്നാം തവണ എത്തിയപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരനെ കണ്ടത്. തുടർന്ന് ആവശ്യം അറിയിച്ചപ്പോൾ മൂന്നു ബ്രാൻഡുകൾ മാത്രമാണ് ഉള്ളതെന്നു പറഞ്ഞു. ഇതോടെ ഈ ബ്രാൻഡുകളിൽ ഒന്നിന്റെ പൈന്റ് ആവശ്യപ്പെട്ടു. തുടർന്ന്, ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ട ശേഷം മദ്യം പേപ്പറിൽ പൊതിഞ്ഞു നൽക്കുകയായിരുന്നു.