കോട്ടയം നഗരത്തിൽ ഒരാൾ പോലും പട്ടിണി കിടക്കരുത്: നഗരസഭാ കാൻറീനിലും കുമാരനല്ലൂരിലും കമ്മ്യൂണിറ്റി കിച്ചൺ തുറന്നു: അനാഥർക്കും ആശ്രയമില്ലാത്തവർക്കും സൗജന്യ ഭക്ഷണം; മറ്റുള്ളവർക്ക് 20 രൂപയ്ക്ക് ഊണും
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാന – കേന്ദ്ര സർക്കാരുകൾ കൊറോണയെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ലോക്ക് ഡൗണിനോടു സഹകരിച്ച കോട്ടയം നഗരസഭ വീടുകളിൽ പട്ടിണിയില്ലെന്നുറപ്പാക്കാൻ പൊരുതുന്നു. ഹോട്ടലുകളും ഭക്ഷണം കഴിക്കാൻ മറ്റു സൗകര്യങ്ങളുമില്ലാത്തവർക്കായി സംസ്ഥാന സർക്കാരിന്റെ ആഹ്വാന പ്രകാരം രണ്ട് കമ്മ്യൂണിറ്റി കിച്ചണുകളാണ് നഗരസഭ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. വീടുകളിൽ ഒറ്റപ്പെട്ട് താമസിക്കുന്നവർക്കും, നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവർക്കും സൗജന്യ ഭക്ഷണം നൽകുന്നതിനൊപ്പം, നഗരസഭയുടെ കാൻറീനിലും കുമാരനല്ലൂരിലും പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചണിൽ നിന്നും സാധാരണക്കാർക്ക് ഇരുപത് രൂപ നിരക്കിൽ ഊണും നഗരസഭ നൽകുന്നു..!
സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് കോട്ടയം നഗരത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്ന 125 പേരെ നഗരസഭ പാർപ്പിച്ചിരിക്കുന്നത് തിരുുവാതുക്കലിലെ കമ്യൂണിറ്റി സെൻ്റററിലാണ് .ഇവർക്കുള്ള ഭക്ഷണവും ഇവിടെ എത്തിച്ചു നല്കും
ഹോട്ടലുകൾ അടയ്ക്കുകയും, ഭക്ഷണത്തിനു മറ്റു ക്രമീകരണങ്ങൾ ലഭിക്കാതെ വരികയും ചെയ്തതോടെ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്നവർ ദുരിതത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയുടെ നേതൃത്വത്തിൽ ഇവരെ തെരുവിൽ നിന്നും കണ്ടെത്തി സംരക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റിയത്. ഇതിനു പിന്നാലെ ഇവർക്കു ഭക്ഷണം നൽകുന്നതിനായി കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.നഗരത്തിൽ ഭക്ഷണമില്ലാതെ ഒരാൾ പോലും ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാവില്ലന്ന് നഗരസഭാ അധ്യക്ഷ ഡോ. പിആർ സോന തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ 125 പേർക്കു ഭക്ഷണം നൽകുന്നതിനാണ് നഗരസഭ പ്രഥമ പരിഗണന നൽകുന്നത്. ഇതു കൂടാതെ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കു ഭക്ഷണം എത്തിക്കുന്നതിനായും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. നഗരസഭ അംഗങ്ങൾ നൽകുന്ന പട്ടികയുടെ അടിസ്ഥാനത്തിൽ വീടുകളിൽ കഴിയുന്നവർക്കു ഭക്ഷണം എത്തിച്ചു നൽകും. ഇത് കൂടാതെ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് 20 രൂപ നിരക്കിൽ ഇവിടുന്ന് ഭക്ഷണം പാഴ്സൽ ലഭിക്കും. . ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ക്രമീകരണമില്ല. മറിച്ച് ഇരുപത് രൂപയ്ക്കു ലഭിക്കുന്ന ഭക്ഷണം പാഴ്‌സലായി വാങ്ങികൊണ്ടു പോയി കഴിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
തിരുവാതുക്കൽ കമ്മ്യൂണിറ്റി ഹാളിൽ ബാത്ത്‌റൂം അടക്കമുള്ള സൗകര്യങ്ങൾ കുറവായതിനാൽ കുറച്ച് ആളുകളെ നഗരമധ്യത്തിൽ വയസ്‌കരയിലെ മോഡൽ സ്‌കൂളിലേറ്റു മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ നഗരസഭ ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ – കോട്ടയം 9074914663. ‘
കുമാരനല്ലൂർ 9747024762