പൊലീസുകാർ കാക്കിമാറ്റി വച്ച് ലോക്കൽ ട്രെയിനിൽ കയറി: മുടിയും താടിയും നീട്ടി കഞ്ചാവു കച്ചവടക്കാരായി; പ്രതികൾക്കൊപ്പം അവരറിയാതെ ട്രെയിനിൽ യാത്ര ചെയ്ത പൊലീസ് പിടിച്ചത് പത്തു കിലോ കഞ്ചാവ്..!
ക്രൈം ഡെസ്‌ക്
കോട്ടയം: ട്രെയിനിൽ രണ്ടു ദിവസങ്ങൾ തങ്ങൾക്കൊപ്പമിരുന്ന് ചായ കുടിച്ചത് പൊലീസുകാരായിരുന്നു എന്നു മനസിലാക്കിയപ്പോഴേയ്ക്കും വയനാട് സ്വദേശികളായ രണ്ടു യുവാക്കൾ ജയിൽ അഴിക്കുള്ളിലായിക്കഴിഞ്ഞിരുന്നു. ലക്ഷങ്ങൾ വിലയുള്ള കഞ്ചാവുമായി പിടികൂടിയ പ്രതികൾക്കൊപ്പം, അവരറിയാതെ പൊലീസുകാർ ട്രെയിനിൽ സഞ്ചരിച്ച് രണ്ടു ദിവസത്തിലേറെയാണ്. ആന്ധ്രയിലെ വിജയവാഡയിൽ നിന്നും ചെന്നൈ പാലക്കാട് വഴി കേരളത്തിലേയ്ക്കു കഞ്ചാവ് എത്തിക്കുന്നതിന്റെ കൃത്യമായ റൂട്ട് മാപ്പും പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്.
ആന്ധ്രയിൽ നിന്നും വൻ തോതിൽ കഞ്ചാവ് എത്തിച്ചു വിൽക്കുന്ന വയനാട് മാനന്തവാടി കല്യോട്ട്കുന്ന് ഭാഗം മാനന്തവാടി വില്ലേജിൽ ആലയ്ക്കൽ വീട്ടിൽ ഉസ്മാന്റെ മകൻ റഫീക്ക് (37), മേപ്പാടി ഭാഗം പുതുപ്പറമ്പിൽ വീട്ടിൽ റഫീദ് (38) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. പത്തു കിലോ കഞ്ചാവാണ് രണ്ടു പേരും ട്രെയിൻ മാർഗം ജില്ലയിലേയ്ക്ക് എത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് വൻ തോതിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് അടക്കം വിൽക്കുന്നതിനായി പ്രതികൾ എത്തിച്ചിരുന്നു. ഇതു സംബന്ധിച്ചു ഡെൻസാഫിന്റെ ചുമതലയുള്ള നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ ഒരു മാസനത്തിലേറെ നിരീക്ഷണത്തിൽ വച്ചു.
ഇവരുടെ ഇടപാടുകൾ നീരീക്ഷിച്ചതടെയാണ് പ്രതികൾ ആന്ദ്രയിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത് എന്നു കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പ്രതികൾ ആന്ധ്രയിലേയ്ക്കു തിരിച്ചതായി പൊലീസ് കണ്ടെത്തി. തുടർന്നു ഇവരെ പിൻതുടർന്ന് പൊലീസ് സംഘം ട്രെയിനിനുള്ളിൽ കയറി.
നാലു കമ്പാർട്ടുമെന്റുകളിലായാണ് ഇവർ ബാഗുകൾ സൂക്ഷിച്ചിരുന്നത്. നാലു കമ്പാർട്ടുമെന്റുകളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ബാഗുകൾ പ്രതികൾ സൂക്ഷിച്ചു. തുടർന്നു, ഇവർ സേഫായ സ്ഥലങ്ങളിൽ ഇരുപ്പുറപ്പിച്ചു. പൊലീസുകാരും കൃത്യമായ അകലം പാലിച്ച് പ്രതികൾക്കൊപ്പം ഇരുപ്പുറപ്പിച്ചു. ബാഗുകൾ പൊലീസോ എക്‌സൈസോ നടത്തുന്ന പരിശോധനയിൽ പിടിച്ചെടുത്താൽ പോലും, പ്രതികളെ കണ്ടെത്താൻ സാധിക്കില്ല. പ്രതികളെ തിരിച്ചറിയുന്ന രേഖകൾ ഒന്നും തന്നെ കഞ്ചാവ് ബാഗുകളിൽ ഉണ്ടായിരുന്നില്ല.
കോട്ടയത്ത് പ്രതികൾ ട്രെയിനിൽ വന്നിറങ്ങുന്ന സമയം വരെ പൊലീസ് സംഘം ഇവരെ പിൻതുടരുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, മണർകാട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രതീഷ് കുമാർ , എസ്.ഐ രാജൻ , ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, അജയകുമാർ കെ.ആർ, തോംസൺ കെ.മാത്യു, ശ്രീജിത്ത് ബി.നായർ, അരുൺ എസ്, നർക്കോട്ടിക്ക് സെല്ലിലെ സിവിൽ പൊലീസ് ഓഫിസർ ചന്ദ്രഭാനു എന്നിവർ ചേർന്നു പ്രതികളെ പിടികൂടുകയായിരുന്നു.