ആശുപത്രി ഒഴികെ എല്ലാം പൂട്ടി..! എന്നിട്ടും ബാറും ബിവറേജും തുറന്നു വച്ച് സർക്കാർ; ബാറിൽ കൂട്ടയിടി; ബിവറേജിൽ നീണ്ട ക്യൂ; ഇത് കണ്ടു കൊറോണ പേടിച്ചോടുമോ സർക്കാരെ
തേർഡ് ഐ ബ്യൂറോ
കോട്ടയം: ആശുപത്രി ഒഴികെ രാജ്യത്തെ എല്ലാ വ്യവസായ കേന്ദ്രങ്ങളും അടച്ചു പൂട്ടിയിട്ടും ബാറിനും ബിവറേജിനും മാത്രം പൂട്ടിടാതെ സർക്കാർ..! എത്രയൊക്കെ പ്രതിഷേധം പ്രഖ്യാപിച്ചിട്ടും സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടച്ചു പൂട്ടാൻ ഇനിയും സർക്കാർ തയ്യാറായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം കടുത്ത പ്രതിഷേധമാണ് ഇതിനിടെ ഉയരുന്നത്.
എസ്.യു.സി.ഐ അടക്കമുള്ള വിവിധ സംഘടനകൾ ബാറുകളും ബിവറേജുകളും അടച്ചതിനെതിരെ രംഗത്തും എത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മുതൽ തന്നെ സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് അവധി നൽകിയിരുന്നു. ഇതിനു പിന്നാലെ വിവിധ സർക്കാർ ഓഫിസുകളിലും, സ്ഥാപനങ്ങളിലും റോഡുകളിലും ആളുകൾ എത്തുന്നത് ഏതാണ്ട് ഇല്ലാതായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിർദേശം നൽകി. ക്ഷേത്രങ്ങളിലെയും ആരാധനാലയങ്ങളിലെയും ഭാരവാഹികളെ സർക്കാർ നേരിട്ട് വിളിച്ച് ചർച്ച നടത്തി, കൊറോണയ്‌ക്കെതിരെ വേണ്ട ബോധവത്കരണ നിർദേശങ്ങൾ നൽകി. ഇതെല്ലാം കൃത്യമായി നടപ്പാക്കുന്നുണ്ടെന്നു ഉറപ്പാക്കുകയും ചെയ്തു. എന്നാൽ, ഇതിനു പിന്നാലെയാണ് ബാറുകളിലേയും ബിവറേജുകളിലെയും വൻ കച്ചവടം നാട്ടുകാരുടെ കണ്ണിൽപ്പെട്ടത്.
മറ്റെല്ലായിടത്തും മാസ്‌കും, മുട്ടിയിരുമ്മി ആളുകൾ നിൽക്കുന്നതും ഒഴിവാക്കുന്നതിനായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, ബിവറേജിൽ ഇത്തരം നിയന്ത്രണങ്ങൾ ഒന്നും ബാധകമല്ല. ആളുകൾ എല്ലാം തന്നെ മുട്ടിയുരുമ്മിയാണ് ഇവിടെ നിൽക്കുന്നത്. ഇതു കൂടാതെ ആരും മാസ്‌ക് ധരിച്ച് ബിവറേജിൽ എത്തുന്നത് കാണാനും ഇല്ല. ഇതിനെല്ലാം പുറമെയാണ് എസി ബാറുകളിൽ ആളുകൾ മുട്ടിയുരുമ്മിയിരുന്ന് മദ്യം കഴിക്കുന്നത്.
സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാന വരുമാന മാർഗമാണ് ബിവറേജുകൾ. ഈ ബിവറേജുകൾ അടച്ചിട്ടാൽ സർക്കാരിന് വലിയ തിരിച്ചടിയുണ്ടാകും. ഈ സാഹചര്യത്തിൽ ബീവറേജിലെ കൗണ്ടറുകൾ വർദ്ധിപ്പിച്ച് തിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നു എക്‌സൈസ് മന്ത്രി പറഞ്ഞിട്ടുമുണ്ട്.