video
play-sharp-fill

പണിയെടുത്തതിന്റെ കാശ് നൽകിയില്ല: മരങ്ങാട്ടുപള്ളിയിൽ യുവാവിനെ സുഹൃത്ത് വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു: കഞ്ചാവ് മാഫിയയുടെ തർക്കമെന്നു നാട്ടുകാർ

പണിയെടുത്തതിന്റെ കാശ് നൽകിയില്ല: മരങ്ങാട്ടുപള്ളിയിൽ യുവാവിനെ സുഹൃത്ത് വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു: കഞ്ചാവ് മാഫിയയുടെ തർക്കമെന്നു നാട്ടുകാർ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മൂന്നു ദിവസമായി പണിയെടുത്തതിന്റെ കൂലി നൽകിയില്ലെന്നാരോപിച്ച് യുവാവിനെ സുഹൃത്ത് വീട്ടിൽ കയറി ബ്ലേഡിനു കഴുത്തിൽ വരഞ്ഞു പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൂലിത്തർക്കമല്ലെന്നും കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് പ്രശ്‌നങ്ങൾക്കു കാരണമെന്നും നാട്ടുകാർ ആരോപിച്ചു.

കടപ്ലാമറ്റം തുപ്പോലിയിൽ വീട്ടിൽ മനോജിന്റെ മകൻ അശ്വിൻ മനോജി (വിമൽ – 19)നെയാണ് സുഹൃത്തായ യുവാവ് വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിലെ പ്രതിയായ തുമ്പശേരിൽ വീട്ടിൽ വിഷ്ണു വിജയനായി (23) അന്വേഷണം ഊർജിതമാക്കിയതായി മരങ്ങാട്ടുപള്ളി പൊലീസ് അറിയിച്ചു. വിഷ്ണുവിനൊപ്പമുണ്ടായിരുന്ന അഖിൽ എന്ന യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണുവിനെ പിടികൂടിയ ശേഷം ഇയാളെ പ്രതി ചേർക്കണോ എന്ന കാര്യം പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ പ്രതിയായ വിഷ്ണുവിനെ അശ്വിൻ കഴിഞ്ഞ ദിവസം ടവറിന്റെ ജോലികൾക്കായി വിളിച്ചു കൊണ്ടു പോയിരുന്നു. മൂന്നു ദിവസത്തോളം ടവറിന്റെ അറ്റകുറ്റപണികൾക്കായി വിഷ്ണു, അശ്വിനൊപ്പം പോയിരുന്നു. ഇതേ തുടർന്നു അശ്വിനെ ഞായറാഴ്ച വഴിയിൽ വച്ചു കണ്ട വിഷ്ണു പണിക്കു പോയതിന്റെ കൂലി ആവശ്യപ്പെട്ടു. എന്നാൽ, ഇത് നൽകാൻ അശ്വിൻ തയ്യാറായില്ല. തുടർന്നു അശ്വിനും വിഷ്ണുവും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെ വിഷ്ണുവിനെ അശ്വിൻ തെറിവിളിച്ചു.

ഇതിനു ശേഷം വീട്ടിലേയ്ക്കു പോയ അശ്വിനെ തേടി വിഷ്ണു സുഹൃത്തിനെയും കൂട്ടി പിന്നാലെ എത്തുകയായിരുന്നു. തുടർന്നു വീട്ടുമുറ്റത്തു വച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് വിഷ്ണു അശ്വിന്റെ കഴുത്തിൽ വരയുകയായിരുന്നു. രക്തം വാർന്ന് വീട്ടു മുറ്റത്ത് അശ്വിൻ കുഴ്ഞ്ഞു വീണതോടെ പ്രതികൾ ഓടിരക്ഷപെട്ടു. ഓടിക്കൂടിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നാണ് അശ്വിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

ഇയാളെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. ഇയാൾ അപകട നിലതരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ മരങ്ങാട്ടുപള്ളി പൊലീസ് കേസെടുത്തു. പ്രതികൾക്കും ആക്രമണത്തിന് ഇരയായ യുവാവിനും കഞ്ചാവ് മാഫിയ ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.