തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിന് ആചാര അനുഷ്ഠാനങ്ങൾ പാലിക്കണം: ഹിന്ദു ഐക്യവേദി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് കോവിഡ് 19 മൂലം പൊതുപരിപാടികൾ ഒഴിവാക്കാനുള്ള സർക്കാർ അഭ്യർത്ഥനമാനിച്ച് തിരുനക്കര ക്ഷേത്രത്തിലെ മതിൽ കെട്ടിനു പുറത്തുള്ള കലാപരിപാടികൾ വേണ്ടെന്നു വച്ച തീരുമാനത്തോട് ഭക്തതജനങ്ങൾ സഹകരിക്കുമെന്നും എന്നാൽ ക്ഷേത്ര മതിൽക്കകത്ത് നൂറ്റാണ്ടുകളായി നടന്നു വരുന്ന താന്ത്രിക ചടങ്ങുകൾ കൂടി ഒഴിവാക്കാനുള്ള ദേവസ്വം അധികൃതരുടെ നടപടിയെ ഭക്തജനങ്ങൾ അംഗീകരിക്കില്ലെന്നും ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി നട്ടാശേരി രാജേഷ് പറഞ്ഞു. ക്ഷേത്ര കൊടിമര ചുവട്ടിൽ ഉള്ള പറ വഴിപാട്, എഴുന്നള്ളിപ്പ്, ഉത്സവബലി എന്നീ ചടങ്ങുകൾ മുടക്കുന്നത് ദേശത്തിനു തന്നെ ദോഷം ചെയ്യുന്നതാണ്.

ദേവസ്വം അധികൃതരുടെ ഏക പക്ഷീയമായ ഈ തീരുമാനം പിൻവലിച്ച് ശ്രീബലിയും, ഉത്സവബലിയും പറ വഴിപാടും, അമ്പലക്കടവിലേക്കുള്ള ആറാട്ട് എഴുന്നള്ളിപ്പും നടത്തി ക്ഷേത്രാചാരാ അനുഷ്ഠാനങ്ങളുടെ കീഴ്വഴക്കം പാലിക്കാൻ ദേവസ്വം അധികാരികൾ തയ്യാറായില്ലെങ്കിൽ ഭക്തജനങ്ങൾ സംഘടിച്ച് ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുമെന്നും മുന്നറിയപ്പ് നൽകി. ഈ കാര്യം കാണിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അസി.കമ്മീഷണർ, ദേവസ്വം കമ്മീഷണർ, ദേവസ്വം ബോർഡ് പ്രസിഡന്റ് എന്നിവർക്ക് നിവേദനം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദു ഐക്യവേദി ജില്ല ജന.സെക്രട്ടറി നട്ടാശേരി രാജേഷ്, താലൂക്ക് പ്രസിഡന്റ് ശങ്കർ സ്വാമി, വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ, ആർ.എസ്.എസ്.ജില്ലാ സേവാപ്രമുഖ് മധു മുട്ടമ്പലം, ആർ.സുമേഷ്, തിരുനക്കര ഉപദേശക സമിതി മുൻ പ്രസിഡന്റ് ജയൻ തടത്തും കുഴി എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു.