കൊറോണയുടെ മറവിൽ ചിക്കൻ കിട്ടുന്നത് 42 രൂപയ്ക്ക്; വിൽക്കുന്നത് 64 രൂപയ്ക്ക്; ചിക്കൻ ഫ്രൈ രണ്ടു പീസിന് 120 രൂപ..! കോഴിയെ കൊന്ന് കോള്ളലാഭമുണ്ടാക്കുന്നവർ കോട്ടയം ജില്ലയിൽ; കൊള്ളക്കാർ സാധാരണക്കാരെ കൊള്ളയടിക്കുന്നു
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണയുടെ മറവിൽ ചിക്കന്റെ വില കുറഞ്ഞെന്നു പറയുമ്പോഴും കോഴിമാഫിയയ്ക്കു കൊള്ളലാഭം. 42 രൂപയ്ക്കു ലഭിക്കുന്ന ഒരു കിലോ ചിക്കൻ, 22 രൂപയുടെ കൊള്ളലാഭത്തിൽ 64 രൂപയാണ് കോട്ടയത്തെ കടകളിൽ വിൽക്കുന്നത്. കൊറോണയുടെ പേരിൽ വിൽപ്പന കുറഞ്ഞതായി ആരോപിച്ചാണ് വൻ തുക കച്ചവടക്കാർ ഈടാക്കുന്നത്.
രണ്ടാഴ്ച മുൻപു വരെ 84 രൂപ വരെയായിരുന്നു ജില്ലയിൽ ഒരു കിലോ ചിക്കനു വില. കൊറോണയും, പക്ഷിപ്പനിയും ക്രൈസ്തവ വിഭാഗത്തിന്റെ നൊയമ്പും ആരംഭിച്ചതോടെയാണ് ചിക്കന്റെ വില ക്രമാതീതമായി കുറഞ്ഞത്. എന്നാൽ, വില കുറഞ്ഞതിന്റെ പ്രയോജനം സാധാരണക്കാർക്കു ലഭിക്കുന്നില്ലെന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് കോട്ടയം മാർക്കറ്റിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്‌നാട്ടിൽ നിന്നും 30 മുതൽ 35 രൂപയ്ക്കു വരെയാണ് ഒരു കിലോ ചിക്കൻ കോട്ടയത്തെ മാർക്കറ്റിൽ എത്തുന്നത്. ഇത് മൊത്തക്കവച്ചവടക്കാരുടെ കയ്യിലേയ്ക്കു എത്തും. 40 മുതൽ 42 രൂപ വരെയാണ് ഇവർ റീട്ടെയിൽ കച്ചവടക്കാർക്കു ഈ കോഴിയെ വിൽക്കുന്നത്. ഏഴു രൂപ വരെയാണ് മൊത്തക്കച്ചവടക്കാർ പലപ്പോഴും ലാഭമായി എടുക്കുന്നത്. എന്നാൽ, ഇവിടെ നിന്നും റീട്ടെയിൽ കച്ചവടക്കാരിലേയ്ക്കു ചിക്കൻ എത്തുന്നതോടെയാണ് കൊള്ള തുടങ്ങുന്നത്.
42 രൂപയ്ക്കു ലഭിക്കുന്ന ഒരു കിലോ ചിക്കൻ ഇന്നലെ കോട്ടയം മാർക്കറ്റിൽ വിറ്റത് 64 രൂപയ്ക്കാണ്. പ്രദേശത്തിന്റെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ 64 ഉം 66 ഉം രൂപയായി ചിക്കന്റെ വില ഉയരുന്നുണ്ട്. ഇത് നിയന്ത്രിക്കാൻ നിലവിൽ മാർഗങ്ങൾ ഒന്നുമില്ലെന്നതാണ് വാസ്തവം. വില പരിശോധിക്കേണ്ട ഉദ്യോഗസ്ഥർ ആരും തന്നെ ഇവിടേയ്ക്കു തിരഞ്ഞു പോലും നോക്കുന്നില്ല.
ചിക്കന്റെ വില കുറഞ്ഞെങ്കിലും കടകളിലെ ചിക്കൻ ഫ്രൈയുടെ വില കുറഞ്ഞിട്ടില്ല. ഒരു പീസ് ചിക്കൻ ഫ്രൈ കിട്ടാൻ ഒരു കിലോ ചിക്കന്റെ വില കൊടുക്കണം. രണ്ടു പീസ് അടങ്ങിയ ചിക്കൻ ഫ്രൈയ്ക്കു കോട്ടയം നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും 80 മുതൽ 120 രൂപ വരെയാണ് വില ഈടാക്കുന്നത്.