
ശിവജിത്ത് മടങ്ങിയത് മോഹിച്ചുവാങ്ങിയ കളിപ്പാട്ടവുമായി ; അടച്ചുറപ്പുള്ള വീടുണ്ടായിരുന്നെങ്കിൽ തന്റെ പൊന്നുമോന് ഈ ഗതി വരില്ലായിരുന്നുവെന്ന് നെടുവീർപ്പോടെ അച്ഛൻ ; വീടിനുള്ളിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ച ശിവജിത്തിന്റെ ഒറ്റമുറി വീട്ടിലെ കാഴ്ചകൾ ആരുടെയും കണ്ണ് നനയിപ്പിക്കുന്നത്
സ്വന്തം ലേഖകൻ
പുത്തൂർ: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന അഞ്ചുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. മരിച്ച ശിവജിത്തിന്റെ ഒറ്റമുറി വീട്ടിലെ കാഴ്ചകൾ ആരുടെയും കരളലയിപ്പിക്കുന്നതാണ്. മൺകട്ട കെട്ടി തകരവും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ ഒറ്റമുറി കൂര നിൽക്കുന്ന വീട്ടിലേക്ക് ഇഴഞ്ഞെത്തിയ വിഷപാമ്പാണ് മാവടി മണിമന്ദിരത്തിൽ ശിവജിത്ത് എന്ന അഞ്ചു വയസുകാരന്റെ ജീവനെടുത്തത്. ശിവജിത്തിന്റെ അച്ഛൻ കൂലിപ്പണിക്കാരനായ മണിക്കുട്ടൻ തന്നെ കെട്ടിപ്പൊക്കിയതാണ് ഒറ്റമുറി വീട്. കഷ്ടിച്ചു നിവർന്നു നിൽക്കാവുന്ന ഉയരമേ വീടിനുള്ളൂ. ഏതു വഴി വേണമെങ്കിലും ഇഴജന്തുക്കൾക്ക് അകത്തു കയറാവുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.
ഉള്ളിലെ കട്ടിലിൽ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ശിവജിത്ത് ഉറങ്ങിയിരുന്നത്. സഹോദരി ശിവഗംഗ തൊട്ടടുത്ത കുടുംബവീട്ടിൽ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പവുമായിരുന്നു. രാവിലെ ഉറക്കമുണർപ്പോഴാണ് ശിവജിത്ത് കാലിലെന്തോ കടിച്ചെന്നും വേദനിക്കുന്നുവെന്നും പറഞ്ഞത്. റോഡിൽ നിന്നു അൽപം ഉള്ളിലാണ് വീടെന്നതിനാൽ അച്ഛൻ മണിക്കുട്ടൻ മകനെയും കൂട്ടി നടന്നാണ് റോഡിലെത്തിയത്. പോകും വഴി അയൽപക്കത്തെ ഗൃഹനാഥയെ ശിവജിത്ത് കാല് കാണിക്കുകയും തേൾ കുത്തിയതാണെന്നു പറയുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിലെത്തി ഓട്ടോറിക്ഷ പിടിച്ച് ഇവർ ആദ്യം പോയത് വിശഹാരിയുടെ അടുത്തേക്കാണ്. കുട്ടിയെ പരിശോധിച്ച ശേഷം കുട്ടിക്കു കുരുമുളക് ചവയ്ക്കാൻ നൽകി. ശേഷം കുറയുമെന്ന ആശ്വാസവാക്കുമാണ് നൽകിയത്. പക്ഷേ കുട്ടി ഛർദിക്കുകയും കുഴഞ്ഞുവീഴാൻ തുടങ്ങുകയും ചെയ്തതോടെയാണ് പുത്തൂരിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയിൽ വച്ച് നടത്തിയ പരിശോധനയിലാണ് കുട്ടിയെ പാമ്പ്് കടിച്ചതാണെന്നു സ്ഥിരീകരിച്ചത്. പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു.
മോഹിച്ചു സ്വന്തമാക്കിയ കളിപ്പാട്ടവും നെഞ്ചോടു ചേർത്താണ് ശിവജിത്ത് മടങ്ങിയത്. ശിവജിത്ത് ആവശ്യപ്പെട്ടത് അനുസരിച്ച് ദിവസങ്ങൾക്കു മുൻപാണ് മണിക്കുട്ടൻ ഒരു മണ്ണുമാന്തി കളിപ്പാട്ടം വാങ്ങി നൽകിയത്. സംസ്‌കാരത്തിനു മുൻപ് പുതുമ മാറാത്ത ഈ കളിപ്പാട്ടം അച്ഛൻ ശിവജിത്തിന്റെ നെഞ്ചോട് ചേർത്തുവച്ചപ്പോൾ കണ്ടുനിന്നവരെല്ലാം വിങ്ങിപ്പൊട്ടുകയായിരുന്നു.
അതേസമയം നാടൻ ചികിത്സയെന്ന പേരിൽ നടത്തിയ ചികിത്സയാണ് ശിവജിത്തിന്റെയും ജീവനെടുത്തത്. ആന്റിവെനം നേരത്തെ നൽകാൻ സാധിച്ചിരുന്നെങ്കിൽ ആ കുഞ്ഞു ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു.