കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിലെ ഫ്ളാറ്റുകളുടെ രജിസ്ട്രേഷൻ കണക്കെടുപ്പ് നടത്തി: വാല്യുവേറ്റർമാർ നൽകിയ സർട്ടിഫിക്കറ്റുകളിൽ പോലും കൃത്രിമം: 70 കോടിരൂപയുടെ നികുതി തട്ടിപ്പ് : അടുത്ത് പൂട്ട് വീഴുന്നതെവിടെ
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് അഞ്ചുവർഷത്തിനിടെ ഫ്ളാറ്റുകളുടെ രജിസ്ട്രേഷനിൽ നടത്തിയത് 70 കോടിരൂപയുടെ നികുതി തട്ടിപ്പ്. ആധാരത്തിൽ വിലകുറച്ചുകാണിച്ചാണ് വെട്ടിപ്പ് നടത്തിയത്. മരടിൽ പൊളിച്ച ഫ്ളാറ്റുകളുടെ രജിസ്ട്രേഷനിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് നടന്ന ഫ്ളാറ്റ് രജിസ്ട്രേഷനുകളുടെ കണക്കെടുത്തത്.
നിരവധി ഫ്ളാറ്റുകൾ ആധാരത്തിൽ വിലകുറച്ചുകാണിച്ച് രജിസ്റ്റർ ചെയ്തതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായി. 2015 മുതൽ 2019 വരെ സംസ്ഥാനത്തുടനീളം നടന്ന ഫ്ളാറ്റ് രജിസ്ട്രേഷൻ ഇടപാടുകളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ചതുരശ്രയടിക്ക് 1500 രൂപയിൽ കുറച്ചുകാണിച്ച് രജിസ്റ്റർ ചെയ്ത ഫ്ളാറ്റുകളുടെ വിവരങ്ങൾ ശേഖരിക്കാൻ രജിസ്ട്രേഷൻ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ ജില്ലകളിലായി ഇത്തരം 9,810 ഫ്ളാറ്റുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. വിലകുറച്ച് രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നത് തടയാൻ ഫ്ളാറ്റുകളുടെ മൂല്യനിർണയത്തിന് സർക്കാർ 2016ൽ വാല്യുവേറ്റർമാരായി എൻജിനീയർമാരെ നിയോഗിക്കുകയും രജിസ്ട്രേഷന് ഇവരുടെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും ചെയ്തിരുന്നു.
എന്നാൽ വാല്യുവേറ്റർമാർ നൽകിയ സർട്ടിഫിക്കറ്റുകളിൽ പോലും കൃത്രിമമുണ്ടെന്നാണ് കണ്ടെത്തൽ. വിശദമായി അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം . തുടർ അന്വേഷണത്തിൽ മരട് ആവർത്തിക്കുമോയെന്ന് കണ്ടറിയാം.