video
play-sharp-fill

ടോറസ് ലോറി പോസ്റ്റ് തകർത്തു: കഞ്ഞിക്കുഴിയിൽ വൻ ഗതാഗതക്കുരുക്ക്; വൈദ്യുതിയും മുടങ്ങി; കഞ്ഞിക്കുഴി വഴി വരുന്ന വാഹനങ്ങൾ വഴിമാറി പോകുക

ജി.കെ വിവേക്

കോട്ടയം: കഞ്ഞിക്കുഴിയിൽ പോസ്റ്റിലെ കേബിളിൽ ഉടക്കിയ ടോറസ് ലോറി പോസ്റ്റ് തകർത്തു. പോസ്റ്റ് മറിഞ്ഞ് റോഡിൽ വീണതോടെ കഞ്ഞിക്കുഴി ജംഗ്ഷൻ വൻ ഗതാഗതക്കുരുക്കായി. ശനിയാഴ്ച രാവിലെ 11.30 ഓടെ കഞ്ഞിക്കുഴിയിൽ നിന്നും ദേവലോകം പുതുപ്പള്ളി റോഡിലേയ്ക്കു കയറുന്ന ഭാഗത്തായിരുന്നു അപകടം.

 

പൊലീസിന്റെ ട്രാഫിക് ഐലൻഡ് കടന്നു മുന്നോട്ടു നീങ്ങിയ ടോറസ് ലോറി ഇവിടെ റോഡിനു സമീപത്തുണ്ടായിരുന്ന പോസ്റ്റിലെ കേബിളിൽ ഉടക്കുകയായിരുന്നു. ലോറിയുടെ പിൻഭാഗമാണ് കേബിളിൽ ഉടക്കിയത്. ഇത് അറിയാതെ ഡ്രൈവർ ലോറി മുന്നോട്ട് എടുത്തതോടെ പോസ്റ്റ് ചരിഞ്ഞ് റോഡിലേയ്ക്കു മറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ട്രാഫിക് ഐലൻഡിനു പിന്നിലെ കുരിശടിയ്ക്കു മധ്യഭാഗത്തെ റോഡിലേയ്ക്കാണ് പോസ്റ്റും വൈദ്യുതി ലൈനുകളും മറിഞ്ഞു വീണത്. ഇവിടെയുണ്ടായിരുന്ന രണ്ടു ബൈക്കുകളും അപകടത്തിൽപ്പെട്ടു. എന്നാൽ, യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് ടോറസ് ലോറി ദേവലോകം റോഡിനു കുറുകെ കിടന്നതു കൂടിയായതോടെ മൂന്നു റോഡിലേയും ഗതാഗതം തടസപ്പെട്ടു. ദേവലോകം പുതുപ്പള്ളി റോഡിലേയ്ക്കു വാഹനങ്ങൾ കയറാതായതോടെ കെ.കെ റോഡിലും ഗതാഗതക്കുരുക്ക് ഉണ്ടായി.

പോസ്റ്റ് ഒടിഞ്ഞു വീണ ഉടൻ തന്നെ പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചത് വൻ അപകടം ഒഴിവാക്കി. കെ.എസ്.ഇ.ബി അധികൃതരും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലീസ് ഗതാഗതം വഴി തിരിച്ചു വിട്ടിട്ടുണ്ട്. കഞ്ഞിക്കുഴി കെ.കെ റോഡ് ഭാഗത്തേയ്ക്കു വരേണ്ട വാഹനങ്ങൾ പരമാവധി ഈ റോഡ് ഒഴിവാക്കി പോകേണ്ടതാണ്.

കേബിൾ മാറ്റി, വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്ന ജോലികൾ കഞ്ഞിക്കുഴിയിൽ പുരോഗമിക്കുകയാണ്. എന്നാൽ, ഗതാഗത തടസം ഇനിയും നീക്കിയിട്ടില്ല. ലോറിയിൽ കേബിളുകൾ ചുറ്റിക്കിടക്കുകയാണ്. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തേയ്ക്കും. പോസ്റ്റ് തകർത്തതിന് അടക്കം ടോറസ് ഉടമ നഷ്ടപരിഹാരവും നൽകേണ്ടി വരും.