കോട്ടയത്തിന് ദുഖ വെള്ളി: ഒറ്റ ദിവസം പൊലിഞ്ഞത് അഞ്ചു ജീവൻ; അപകടങ്ങൾ നാലെണ്ണം..!
ജി.കെ വിവേക്
കോട്ടയം: ജില്ലയ്ക്ക് ദുഖവെള്ളി സമ്മാനിച്ച് അപകടങ്ങളും അപകട മരണങ്ങളും. കേരളം മുഴുവൻ നടുങ്ങിയ ദേവനന്ദയുടെ നിര്യാണ വാർത്ത കേട്ടുണർന്ന കോട്ടയത്തിന് ഇന്നലെ കാണേണ്ടി വന്നത് അഞ്ചു മരണങ്ങളാണ്. റോഡുകളിൽ മൂന്നു പേർ പിടഞ്ഞു മരിച്ചപ്പോൾ, രണ്ടു ജീവനുകൾ കിണറ്റിൽ ശ്വാസം മുട്ടി നഷ്ടമാകുകയായിരുന്നു.
ഇന്നലെ രാവിലെ 11.30 നാണ് ഇത്തിത്താനത്ത് ആദ്യ മരണം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന 103 കാരി വയോധിക മിനിലോറി ഇടിച്ചാണ് മരിച്ചത്. തൃക്കൊടിത്താനം വെങ്കോട്ടയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഇവർ അപകടത്തിൽ മരിച്ചത്. മാടപ്പള്ളി കോളനി ഭാഗം പുത്തൻപറമ്പിൽ ചന്ദ്രൻ കുട്ടിയുടെ ഭാര്യ പെണ്ണമ്മയാണ് മരിച്ചത്. ഇവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചയ്ക്ക് 12 മണിയോടെയാണ് രണ്ടാമത്തെ അപകടം ഉണ്ടായത്. അയർക്കുന്നത്ത് കിണറിന് റിംഗിറക്കാൻ ഇറങ്ങിയ രണ്ടു തൊഴിലാളികൾ കിണർ ഭിത്തി ഇടിഞ്ഞ് വീണ് മരിക്കുകയായിരുന്നു. അയർക്കുന്നം പൂവത്താനം സാജു (46) , മഴുവൻ ചേരി കാലായിൽ ജോയി (48 ) എന്നിവരാണ് സമീപവാസിയുടെ കിണറ്റിൽ റിoഗിറക്കാൻ ഇറങ്ങി മരിച്ചത്. ഇതിനു ശേഷം ഏറ്റുമാനൂരിലുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് സാരമായി പരിക്കേറ്റിരുന്നു.
പിന്നീട്, രാത്രിയിലാണ് തുടർച്ചയായി അപകടങ്ങൾ ഉണ്ടായത്.രാത്രി ഒൻപതരിയോടെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുന്നിലുണ്ടായ അപകടത്തിൽ മാടപ്പള്ളി സഹകരണ ബാങ്ക് ജീവനക്കാരനായ മാടപ്പള്ളി താഴത്തുവല്യനാൽ വീട്ടിൽ ജേക്കബ് ജോസഫ് (30)ആണ് മരിച്ചത്.
11.30 ന് ഉണ്ടായ അപകടത്തിൽ ഏറ്റുമാനൂർ സിയോൺ കവലയിൽ വാടകയ്ക്കു താമസിക്കുന്ന വയനാട് സുൽത്താൻബത്തേരി മീനങ്ങാടി വളവയിൽ പേപ്പതിയിൽ പി.എം. ഷിബു (48) മരിച്ചു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിൽ ഏറ്റുമാനൂർ ക്ഷേത്രത്തിനു മുന്നിൽ വച്ച് കെ.എസ്.ആർ.ടി.സി.യുടെ മിന്നൽ ബസ് ഇടിക്കുകയായിരുന്നു.