അയർക്കുന്നം കമ്പനി കടവിൽ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു: മൃതദേഹം പുറത്തെടുത്തു: അപകടം കിണറ്റിൽ റിംഗ് ഇറക്കുന്നതിനിടെ
എ.കെ ശ്രീകുമാർ
കോട്ടയം: അയർക്കുന്നം പുന്നത്തുറ കമ്പനിക്കടവിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേർ മണ്ണിടിഞ്ഞ് വീണ് മരിച്ചു. കിണർ വൃത്തിയാക്കിയ ശേഷം മണ്ണ് നീക്കം ചെയ്ത് റിംഗ് ഇറക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. അപകടത്തിൽ അയർക്കുന്നം പൂവത്താനം സാജു (44) , മഴുവൻ ചേരി കാലായിൽ ജോയി (49 ) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കും സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു അപകടം. അയർക്കുന്നം പുന്നത്ര കമ്പനിക്കടവ് പാണ്ടശേരി വീട്ടിൽ ശശിധരന്റെ വീട്ടുമുറ്റത്ത് കുത്തിയ പുതിയ കിണർ വൃത്തിയാക്കി റിങ്ങ് ഇറക്കുകയായിരുന്നു സാജുവും ,ജോയിയും. മണ്ണിന് ബലക്കുറവായതിനാൽ ബലം വരുത്തുന്നതിനായാണ് കിണറ്റിൽ റിംഗ് ഇറക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെയാണ് കിണറ്റിലേയ്ക്ക് അപ്രതീക്ഷിതമായി മണ്ണിടിഞ്ഞ് വീണത്. അപകടം കണ്ട് ഓടിയെത്തിയ സമീപവാസികൾ വിവരം അഗ്നിരക്ഷാ സേനാ അധികൃതരെ അറിയിച്ചു. സമീപത്തുണ്ടായിരുന്ന നാട്ടുകാരും , തൊഴിലാളികളും അഗ്നി രക്ഷാ സേനാംഗങ്ങളും ചേർന്നാണ് കിണറ്റിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുത്തത്.
ഒരാളുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കും , മറ്റൊരാളുടേത് പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.