അടങ്ങാതെ സംഘപരിവാർ ഭീകരത : ഡൽഹിയിൽ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 17, അൻപത് പൊലീസുകാർ ഉൾപ്പെടെ 180 പേർക്ക് പരിക്ക്

അടങ്ങാതെ സംഘപരിവാർ ഭീകരത : ഡൽഹിയിൽ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 17, അൻപത് പൊലീസുകാർ ഉൾപ്പെടെ 180 പേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിരവധി പേരുടെ ജീവനെടുത്തിട്ടും അടങ്ങാതെ രാജ്യതലസ്ഥാനത്തെ സംഘപരിവാർ ഭീകരത. ഡൽഹിയിൽ കലാപത്തിൽ മരിച്ചവരുടെ എണ്ണം ഇതുവരെ 17 ആയി. ബുധനാഴ്ച രാവിലെ നാല് പേരെ മരിച്ച നിലയിൽ കൊണ്ടുവന്നതായി ഗുരു തേജ് ബഹദൂർ ആശുപത്രി അധികൃതർ അറിയിച്ചു. ഇതുകൂടാതെ 50 പോലീസുകാർ ഉൾപ്പടെ 180തോളം പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുമുണ്ട്.

എന്നാൽ സംഘഷത്തിനിടെ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച അർധരാത്രി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് 20 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അധികൃതർ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം അഡക്രമവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ സ്ഥിതിഗതികൾ വിലയിരുത്തും. ചൊവ്വാഴ്ച രാത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷമേഖലകൾ സന്ദർശിച്ചിരുന്നു. തിരുവനന്തപുരം സന്ദർശനം റദ്ദാക്കി ആഭ്യന്ത മന്ത്രി അമിത് ഷാ ഡൽഹിയിൽ തുടരുകയാണ്. 24 മണിക്കൂറിനിടെ മൂന്ന് ഉന്നത തല യോഗം അദ്ദേഹം വിളിച്ച് ചേർക്കുകയുണ്ടായി.

തിങ്കളാഴ്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡൽഹിയിലെത്തുന്നതിന് മണിക്കൂറുകൾക്കുമാത്രം മുൻപ് പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തുടങ്ങിയ സംഘർഷം ചൊവ്വാഴ്ച കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ നാലു പൊലീസ് സ്റ്റേഷൻ പരിധിയിൽ ഷൂട്ട് അറ്റ് സൈറ്റും പ്രഖ്യാപിച്ചിട്ടുണ്ട്.

മോജ്പുർ, ബാബർപുർ മെട്രോ സ്റ്റേഷനുകൾക്കു സമീപമുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ചൊവ്വാഴ്ച ബില്ലിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. വെടിയുണ്ടകളും പെട്രോൾ ബോംബും കല്ലുകളും വർഷിച്ച സംഘർഷത്തിൽ കുട്ടികളടക്കം നൂറിലേറെപ്പേർക്കു പരിക്കേറ്റു. യുദ്ധസമാനമായ അന്തരീക്ഷത്തിൽ അക്രമികളെ പിരിച്ചുവിടാൻ പോലീസ് പലതവണ കണ്ണീർവാതകം പ്രയോഗിച്ചു.

സംഘർഷത്തിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.

സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചുവരുകയാണെന്ന് ജോയന്റ് പോലീസ് കമ്മിഷണർ അലോക് കുമാർ മാധ്യമങ്ങളോടു പറഞ്ഞു. ഡൽഹി പോലീസിലെ ആയിരം പേർക്കു പുറമേ അർധസൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ, ഡൽഹിയിൽ ക്രമസമാധാനച്ചുമതലയുള്ള സ്‌പെഷ്യൽ കമ്മിഷണറായി 1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥൻ എസ്.എൻ. ശ്രീവാസ്തവയെ ആഭ്യന്തരമന്ത്രാലയം നിയമിച്ചിട്ടുണ്ട്. സി.ആർ.പി.എഫിൽ നിന്നാണ് അദ്ദേഹത്തെ ഡൽഹി പൊലീസിലേക്ക് മാറ്റിയത്. അടിയന്തരമായി ചുമതലയേൽക്കാൻ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.