
എ.കെ ശ്രീകുമാർ
കോട്ടയം: റോഡരികിൽ പാടശേഖരത്തിനു സമീപം കാർ പാർക്ക് ചെയ്ത ശേഷം കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ സംഘം, പൊലീസ് എത്തിയതോടെ കാർ ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. കൈപ്പുഴ – നീണ്ടൂർ റോഡിലെ പാടശേഖരത്തിനു സമീപത്തായാണ് വാഹനം ഉപേക്ഷിച്ച ശേഷം കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ യുവാക്കൾ രക്ഷപെട്ടത്. വാഹനം കസ്റ്റഡിയിൽ എടുത്ത പൊലീസ്, ഇതിനുള്ളിൽ നിന്നും അൻപത് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവങ്ങൾ. കൈപ്പുഴ റോഡരികിൽ നിർത്തിയ കാറിനുള്ളിലിരുന്ന യുവാക്കൾ കഞ്ചാവ് വലിക്കുന്നതായി ഗാന്ധിനഗർ പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തേയ്ക്കു കുതിച്ചത്. പൊലീസ് സംഘം, സ്ഥലത്തേയ്ക്കുള്ള വളവ് തിരിഞ്ഞത് കണ്ടതും, കാറിനുള്ളിലുണ്ടായിരുന്ന യുവാക്കളുടെ സംഘം, വാഹനം ഉപേക്ഷിച്ച് ഇറങ്ങി ഓടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും പാടശേഖരങ്ങൾ വഴി ഓടിയ സംഘത്തെ പിടികൂടാൻ സാധിച്ചില്ല. തുടർന്ന് പൊലീസുകാർ വാഹനം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കാർ കസ്റ്റഡിയിൽ എടുത്ത ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്നും അൻപത് ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇതിനുള്ളിൽ നിന്നും ഒരു തിരിച്ചറിയൽ കാർഡ് കണ്ടെത്തിയത്. ഈ കാർഡും കാറും പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.
അതിരമ്പുഴ, പനമ്പാലം, ആർപ്പൂക്കര പ്രദേശങ്ങളിലുള്ള കഞ്ചാവ് മാഫിയ സംഘാംഗങ്ങളുമായി അടുപ്പമുള്ള യുവാക്കളാണ് കഞ്ചാവുമായി കാറിനുള്ളിൽ ഇരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇവരാണ് കാറിനുള്ളിൽ നിന്നും ഇറങ്ങി ഓടിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.