പോക്‌സോ കേസുകളുടെ ദുരുപയോഗത്തിന് ജില്ലയിൽ നാലാം രക്തസാക്ഷി; ചങ്ങനാശേരിയിലെ കുടുംബത്തിന്റെ ആത്മഹത്യയ്ക്കു പിന്നാലെ ജീവൻ നഷ്ടമായത് അദ്ധ്യാപകനും; നിയമം ദുരുപയോഗം ചെയ്യുമ്പോൾ, നിരപരാധികൾ ജീവിതം അവസാനിപ്പിക്കുന്നു
തേർഡ് ഐ ബ്യൂറോ
കോട്ടയം: പോക്‌സോ കേസുകളുടെ ദുരുപയോഗത്തിന്റെ നാലാമത്തെ രക്തസാക്ഷിയാണ് കഴിഞ്ഞ ദിവസം വൈക്കത്ത് ആത്മഹത്യ ചെയ്ത അദ്ധ്യാപകൻ നരേന്ദ്രൻ. ഇതിനു മുൻപ് കഴിഞ്ഞ വർഷം ഒരു കുടുംബത്തിലെ മൂന്നു പേരെയാണ് അനാവശ്യ പോക്‌സോ ഭീതി കൊലയ്ക്കു കൊടുത്തത്. വൈക്കത്ത് തൂങ്ങിമരിച്ച ഏറ്റുമാനൂർ സ്‌കൂളിലെ അദ്ധ്യാപകൻ നരേന്ദ്രന്റെ മരണത്തോടെയെങ്കിലും ഇത്തരം പോക്‌സോ കള്ളക്കേസുകൾ പരിശോധിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
കഴിഞ്ഞ നവംബറിൽ പോക്‌സോ കേസിന്റെ പേരിൽ ഇത്തിത്താനം പൊൻപുഴപാലമൂട്ടിൽ രാജപ്പൻ നായർ (71), ഭാര്യ സരസമ്മ (65), മകൻ രാജീവ് (35) എന്നിവരുടെ മരണത്തിന് ഇടയാക്കിയതും ഇത്തരത്തിൽ അനാവശ്യമായി പോക്‌സോ കേസിൽ കുടുക്കും എന്ന ഭീതിയിലായിരുന്നു. സഹോദരന്റെ മകളായ നാലു വയസുകാരിയെ അച്ഛൻ തല്ലിയതായി രാജീവ് ചൈൽഡ് ലൈനിൽ നൽകിയ പരാതിയാണ് വക്രീകരിച്ച് ചൈൽഡ് ലൈൻ അംഗങ്ങൾ രാജീവിനെതിരെ തിരിച്ചു വിടാൻ ശ്രമിച്ചത്. ചൈൽഡ് ലൈനെതിരെ രാജീവിന്റെയും അച്ഛന്റെയും അമ്മയുടെയും ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമാന രീതിയിൽ തന്നെയാണ് അദ്ധ്യാപകൻ നരേന്ദ്രന്റെ മരണത്തിനും ഇടയാക്കിയത്. അദ്ധ്യാപകനെതിരെ പരാതി നൽകിയ വിദ്യാർത്ഥകിളെ ലൈംഗീകമായി അതിക്രമിച്ചതായുള്ള യാതൊരു തെളിവുകളും കുട്ടികളുടെ മൊഴിയിലില്ല കമ്പ്യൂട്ടർ നോക്കുമ്പോൾ അദ്ധ്യാപകൻ കൈയ്ക്കു മുകളിൽ കൈവയ്ക്കും, കയ്യിൽ പിടിച്ചും, ഞുള്ളും തുടങ്ങിയ ചെറിയ പരാതികൾ മാത്രമാണ് ഉള്ളത്. സ്‌കൂളിലെ കൗൺസിലറുടെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയ്‌ക്കൊടുവിലാണ് അദ്ധ്യാപകനെ പീഡനക്കേസിൽ, അതും പോക്‌സോ കേസിൽ പ്രതിയാക്കിയത്.
ഒരു മാസം മുൻപ് ഇടുക്കിയിൽ സമാന രീതിയിൽ പോക്സോ കേസുകൾ ദുരുപയോഗം ചെയ്യുകയായിരുന്നു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കൗൺസിലർ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് പോക്സോ കേസിന്റെ മറ്റൊരു ദുരുപയോഗം കൂടി പുറത്തു വരുന്നത്. കുട്ടിയെ ഭീഷണിപ്പെടുത്തി പരാതി എഴുതിവാങ്ങിയ ചൈൽഡ് ലൈൻ പ്രവർത്തകൻ എഡ്വിൻരാജിനെതിരെ മൂന്നാർ പൊലീസ് കേസെടുക്കുകയും ചെയ്തു.
പോക്‌സോ കേസിൽ വ്യാജമായി കുടുക്കിയതിനെതിരെ അയർക്കുന്നം സ്വദേശി കോടതിയിൽ നിയമപോരാട്ടം നടത്തി രക്ഷപെട്ടതും ഇതേ കോട്ടയത്താണ്. പക്ഷേ, പലപ്പോഴും പല ദുർബലർക്കും ഈ കോടതിവിധി വരും വരെ കാത്തിരിക്കാൻ മനസുണ്ടാകില്ല. ഇവരാണ് ഒടുവിൽ ആത്മഹത്യയിൽ വഴി തേടുന്നത്.