വർഷത്തിൽ മുന്നൂറ് ദിവസവും കളിക്കുന്നത് പതിവായിട്ട് എട്ട് വർഷമായി, മടുപ്പും ജോലിഭാരവും എന്നെ ബാധിക്കുന്നുണ്ട് : വിരാട് കോഹ്‌ലി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വർഷത്തിൽ മുന്നൂറ് ദിവസം കളിക്കുന്നത് പതിവായിട്ട് ഏതാണ്ട് എട്ട് കൊല്ലമായി. അമിത ജോലിഭാരവും മടുപ്പും എന്നെയും ബാധിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി. അമിത ജോലിഭാരത്തേക്കുറിച്ച് മുൻപു പലതവണ തുറന്നടിച്ചിട്ടുള്ള ക്രിക്കറ്റ് താരം അമിത ജോലിഭാരം കൂടുതലാണെന്ന വാദം ഒരിക്കൽക്കൂടി ആവർത്തിക്കുകയായിരുന്നു.
അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഏകദിന, ട്വന്റി20 ലോകകപ്പുകൾ നേടുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച വിരാട് അതിനുശേഷം ഏതെങ്കിലും ഒരു ഫോർമാറ്റിൽനിന്ന് പിൻമാറുന്ന കാര്യം പരിഗണിക്കുമെന്നും പറഞ്ഞു. ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2021ലെ ട്വന്റി20 ലോകകപ്പിനുശേഷം ഏതെങ്കിലുമൊരു ഫോർമാറ്റിൽനിന്ന് വിരമിക്കാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോലിഭാരവും മടുപ്പും ഇന്ത്യൻ ക്രിക്കറ്റിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണെന്ന നിലപാട് കോഹ്‌ലി ആവർത്തിക്കുകയും ചെയ്തു. എന്നാൽ ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചകളിൽനിന്ന് ഒരു കാരണവശാലും ഒളിച്ചോടാനാകില്ലെന്നും വിരാട് പറഞ്ഞു.