സ്‌പ്രേയിൽ വിറച്ച് പൊലീസുകാർ : അക്രമത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു: രണ്ടുപേർ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കായംകുളം: കഞ്ചാവ് കച്ചവടം പിടികൂടാനെത്തിയ പൊലീസിനുനേരെ കുരുമുളക് സ്പ്രേയടിച്ച് നാലംഗസംഘം ആക്രമണം നടത്തി. അക്രമത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. അക്രമികളിൽ രണ്ടുപേർ പോലീസ് പിടിയിലായി. മറ്റുള്ളവർ പൊലീസിനെ അക്രമിച്ചശേഷം ഓടി രക്ഷപ്പെട്ടു.
കായംകുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷാഫിക്കാണ് പരിക്കേറ്റത്. അക്രമത്തിൽ താഴെവീണ് തോളെല്ലിന് പരിക്കേറ്റ പൊലീസുകാരനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തിലുണ്ടായിരുന്ന എരുവ കടയിൽ ഇൻഫാൻ(18), കരശ്ശേരിൽ ഇർഫാൻ(18) എന്നിവരാണ് പൊലീസ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച വൈകീട്ട് അഞ്ചോടെ മുഹയിദീൻ പള്ളിക്ക് സമീപമായിരുന്നു സംഭവം. ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് സംഘം സ്ഥലത്ത് എത്തിയത്. പൊലീസ് എത്തി പിടികൂടാൻ ശ്രമിച്ചപ്പോൾ സംഘത്തിലൊരാൾ കൈയിൽ സൂക്ഷിച്ചിരുന്ന കുരുമുളക് സ്പ്രേ പൊലീസിനുനേരെ പ്രയോഗിച്ചു.
അപ്രതീക്ഷിത അക്രമത്തിൽ പകച്ചുപോയ പൊലീസുകാരെ തള്ളിമാറ്റി സംഘം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിൽ താഴെവീണാണ് ഷാഫിക്ക് പരിക്കേറ്റത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇൻഫാനെ പൊലീസ് പിന്നാലെയെത്തി പിടികൂടി. പിന്നീടാണ് ഇർഫാൻ പിടിയിലായത്. ഷാഫിക്ക് പുറമെ എസ്.ഐ. ഇല്യാസ്, എ.എസ്.ഐ. സന്തോഷ്‌കുമാർ, സിവിൽ പോലീസ് ഓഫീസർ ഹരികൃഷ്ണൻ എന്നിവരാണ് കഞ്ചാവ് വേട്ടയ്ക്ക് എത്തിയ സംഘത്തിലുണ്ടായിരുന്നത്. ഓടി രക്ഷപ്പെട്ട മറ്റുരണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപകമാക്കി.