മഹാരാജാസ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനെ കുത്തികൊലപ്പെടുത്തി ; ഒരാൾ ഗുരുതരാവസ്ഥയിൽ; മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കസ്റ്റഡിയിൽ

മഹാരാജാസ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനെ കുത്തികൊലപ്പെടുത്തി ; ഒരാൾ ഗുരുതരാവസ്ഥയിൽ; മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

ഏറണാകുളം: മഹരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തികൊലപ്പെടുത്തി. ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോട്ടയം സ്വദേശി ബിലാൽ, ഫോർട്ട് കൊച്ചി സ്വദേശി റിയാസ്, മുഹമ്മദ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലായ മൂന്നുപേർ. രാത്രി പന്ത്രണ്ട് മണിയോടെ അഭിമന്യുവിനും, ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി അർജുനുമാണ് കുത്തേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അർജുന്റെ നില ഗുരുതരമാണ്. ആന്തരിക അവയവങ്ങൾക്ക് സാരമായ പരിക്കേറ്റ അർജുനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായ അഭിമന്യുവിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വീകരിക്കാൻ പോസ്റ്റർ പതിക്കുന്നതിനിടെയാണ് സംഭവം നടന്നത്. പുറത്തുനിന്നെത്തിയ ഒരു കൂട്ടം എൻ.ഡി.എഫ് പ്രവർത്തകരും കോളേജിലെ ക്യാംമ്പസ് ഫ്രണ്ട് പ്രവർത്തകരുമായ ഇരുപതോളം ആൾക്കാരാണ് അഭിമന്യുവിനെ ആക്രമിച്ചത്. അഭിമന്യു സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ക്യാംമ്പസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി ആക്രമണത്തിന് നേതൃത്വം നൽകിയതായാണ് ദൃക്‌സാക്ഷികളുടെ മൊഴി. അഭിമന്യുവിന്റെ കൊലപാതകത്തിന് പ്രതിഷേധിച്ച് എസ്.എഫ്.ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും