അനധികൃത കടകൾ അപകടത്തിനിടയാക്കി: മെഡിക്കൽ കോളേജ് പരിസരത്തെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിച്ചു നഗരസഭ
എ.കെ ശ്രീകുമാർ
കോട്ടയം : റോഡിലേക്ക് ഇറക്കി വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകടകരമായ രീതിയിൽ പ്രവർത്തിച്ചിരുന്നു മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ അനധികൃത കടകൾ നീക്കം ചെയ്തു. റോഡിലേക്കിറങ്ങി പ്രവർത്തിച്ചിരുന്ന കച്ചവടസ്ഥാപനങ്ങൾ കാൽനടയാത്രക്കാർക്ക് അപകടക്കെണി ആയതോടെയാണ് നഗരസഭാധികൃതർ ഇടപെട്ട് ഇവ നീക്കം ചെയ്തത്. കടകൾ ഒഴിപ്പിക്കാൻ നഗരസഭാധികൃതർ എത്തിയതോടെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തി. ഇതോടെ പോലീസ് സഹായത്തോടെയാണ് നഗരസഭ കടകൾ ഒഴിപ്പിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തും , മെഡിക്കൽ കോളേജ് മുതൽ ഇ എസ് ഐ ആശുപത്രി വരെയുള്ള റോഡിലും അനധികൃതമായി കടകൾ പ്രവർത്തിക്കുന്നു. ഇതിനെതിരെ നേരത്തെ നഗരസഭാധികൃതർ നടപടിയെടുത്തിരുന്നു. മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിലെ കടകൾ നേരത്തെ ആർപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു. എന്നാൽ ഗാന്ധി നഗർ മുതൽ ഇ എസ് ഐ ആശുപത്രി വരെയുള്ള ഭാഗത്ത് ഇപ്പോഴും അനധികൃത കടകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെയാണ് നഗരസഭാ ആരോഗ്യ വിഭാഗം നടപടിയെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കൽ കോളേജ് മുതൽ ഇ എസ് ഐ ആശുപത്രി വരെയുള്ള റോഡിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽ പെട്ടിരുന്നു. അനധികൃതമായി നിർമ്മിച്ച കടകൾ മൂലം കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യവിഭാഗം നടപടിയെടുത്തത്.
കുമാരനല്ലൂർ നഗരസഭ മേഖലാ ഓഫിസിലെ ഹെൽത്ത് ഇൻസ്പെക്ടർ ടി.എ തങ്കം , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്യാം കുമാർ , ജീവൻ ലാൽ , രഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.