play-sharp-fill
കോട്ടയത്തും യു.എ.പി.എ ചുമത്തിയേക്കും: തീവ്രവാദികൾക്കു കാറെത്തിച്ചു നൽകിയ യുവാക്കൾക്കെതിരെ യു.എ.പി.എ വരും; കേസ് കേന്ദ്ര ഏജൻസിയുടെ പക്കലേയ്ക്ക്

കോട്ടയത്തും യു.എ.പി.എ ചുമത്തിയേക്കും: തീവ്രവാദികൾക്കു കാറെത്തിച്ചു നൽകിയ യുവാക്കൾക്കെതിരെ യു.എ.പി.എ വരും; കേസ് കേന്ദ്ര ഏജൻസിയുടെ പക്കലേയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്തെമ്പാടും നിന്നും കാറുകൾ മോഷ്ടിച്ചു കടത്തി, തീവ്രവാദികളുടെ കൈവശം എത്തിച്ചു നൽകിയ കേസിൽ യുഎപിഎ ചുമത്താനൊരുങ്ങി പൊലീസ്. രണ്ടു സംസ്ഥാനങ്ങളിലെ തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കേസായതിനാലാണ് ജില്ലാ പൊലീസ് കേസിൽ യുഎപിഎ ചുമത്തുന്നതിനും ദേശീയ അന്വേഷണ ഏജൻസിയ്ക്കു കേസ് കൈമാറുന്നതിനും ഒരുങ്ങുന്നത്. അടുത്ത ദിവസം തന്നെ കേസിലെ രണ്ടു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇതിനു ശേഷമാവും ഇരുവർക്കും എതിരെ യു.എ.പി.എ ചുമത്തുന്നതു സംബന്ധിച്ചു തീരുമാനം എടുക്കുക.


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാടകയ്‌ക്കെടുത്ത കാറുകൾ നിരോധിത തീവ്രവാദ സംഘടനയായ അൽഉമ്മ നേതാവിനു കൈമാറിയ സംഭവത്തിലാണ് പൊലീസ് യു.എ.പി.എ ചുമത്താനൊരുങ്ങുന്നത്. സംഭവം സംബന്ധിച്ചു ദേശീയ അന്വേഷണ ഏജൻസികൾക്കും, കേന്ദ്ര ഇന്റലിജൻസിനും അടക്കം വെസ്റ്റ് പൊലീസ് വിവരം കൈമാറിമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിനും, പ്രതികളെ ചോദ്യം ചെയ്യുന്തനിനുമായി കേന്ദ്ര സംഘം അടുത്ത ദിവസം തന്നെ കോട്ടയത്ത് എത്തിയേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ അബ്ദുൾ റസാഖിന്റെ മകൻ ഇല്യാസ് (37), എറണാകുളം ആലുവ യു.സി കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ അബുവിന്റെ മകൻ കെ.എ നിഷാദ് (37) എന്നിവരെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇവരുടെ ബന്ധങ്ങൾ സംബന്ധിച്ചു അന്വേഷണം നടത്തുന്നതിനും, ഇവർ കാറുകൾ എവിടേയ്ക്കു കൈമാറി, ഇവ എന്തിന് ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചും അന്വേഷണം നടത്തുന്നതിനായാണ് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുക. ഇതിനായി തിങ്കളാഴ്ച തന്നെ അപേക്ഷ നൽകുമെന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ തേർഡ് ഐ ന്യൂസ് ലൈവ് പ്രതിനിധിയോടു പറഞ്ഞു.

പ്രതികളെ അറസ്റ്റു ചെയ്തതിനു പിന്നാലെ തന്നെ കേന്ദ്ര ഇന്റലിജൻസും, തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കേസിനു പിന്നാലെ വെസ്റ്റ് പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രതികൾ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും തട്ടിയെടുത്ത 11 കാറുകൾ എവിടെയാണെന്ന് ഇനിയും കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടുമില്ല. കേന്ദ്ര ഏജൻസികളുടെ സാന്നിധ്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്ത ശേഷമാവും യു.എ.പി.എ ചുമത്തണോ എന്നത് അടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുക.

കോയമ്പത്തൂർ സ്‌ഫോടനം അടക്കമുള്ള തീവ്രവാദക്കേസുകളിൽ ഉൾപ്പെട്ട കുനിയമ്മുത്തൂർ സ്വദേശി തൊപ്പി റഫീഖ് എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് റഫീഖിന് (ഭായി റഫീഖ്) പ്രതികൾ കാറുകൾ കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
കാണാതായ കാറുകൾ അന്വേഷിച്ച് കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ടെങ്കിലും, ഇവരിൽ നിന്നും സഹകരണം ലഭിച്ചില്ല. ഇതേ തുടർന്നാണ് കാറുകൾ പിടിച്ചെടുക്കാതെ തന്നെ പ്രതികളെ പൊലീസ് റിമാൻഡ് ചെയ്തത്.

ഇനി ഇവരെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മാത്രമേ കാറുകൾ കണ്ടെത്താനുള്ള അന്വേഷണം നടത്താൻ സാധിക്കൂ. ഈ കാറുകൾ റഫീഖ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് ഇനി പരിശോധിക്കേണ്ടത്. രണ്ടു പ്രതികളെയും വിശദമായി കസ്റ്റഡിയിൽ വാങ്ങി, ഇവർക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നത് ഉറപ്പിച്ചെങ്കിൽ മാത്രമേ യു.എ.പി.എ അടക്കം ചുമത്താൻ സാധിക്കൂ. ഇതിന് ദേശീയ അന്വേഷണ ഏജൻസികളുടെ സഹകരണത്തോടെ പ്രതികളെ ചോദ്യം ചെയ്യേണ്ടി വരും.