ആധാരമെഴുത്ത് അഭിഭാഷകരുടെയും അവകാശം: അഭിഭാഷകരുടെ നിയമപരമായ അവകാശങ്ങളിൽ കൈ കടത്തരുത്: അഡ്വ.അനിൽ ഐക്കര
സ്വന്തം ലേഖകൻ
കോട്ടയം : അഭിഭാഷകർ ആധാരമെഴുതേണ്ടെന്നു ഉത്തരവിറക്കുമെന്നും വേണ്ടിവന്നൽ ഇതിനായി
1960-ലെ ലൈസൻസിങ് ചട്ടം ഭേദഗതിചെയ്യാൻ തയ്യറാകുമെന്നും പറഞ്ഞ മന്ത്രി ജി.
സുധാകരൻ കാര്യങ്ങൾ തിരിച്ചറിയാതെ അഭിഭാഷകരുടെ ഭരണഘടനാപരമായ അവകാശങ്ങളിൽ
കൈ കടത്തുന്നത് അഭിഭാഷക സമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് അഡ്വ.അനിൽ
ഐക്കര, മന്ത്രിക്കയച്ച പ്രറ്റിഷേധക്കത്തിൽ പറഞ്ഞു.
ആധാരമെഴുതുവാൻ
സാധരണക്കാർക്കുവരെ അവകാശം ഉണ്ടെന്നിരിക്കെ അതിനുള്ള അവകാശം അഭിഭാഷകർക്ക്
നിഷേധിക്കുവാൻ ശ്രമിക്കുന്നത് കരിനിയമമാണ്. അഭിഭാഷക സമൂഹം അദാലത്തുകളിലും
ഒത്തുതീർപ്പ് കോടതികളിലും പെട്ട് ഉഴലുന്ന ഘട്ടത്തിൽ അവർക്ക് നേരെയുള്ള
ഖേദകരമായ നീക്കമായി ഇതിനെ പൊതു അഭിഭാഷക സമൂഹം കാണുമെന്ന് മന്ത്രി ജി
സുധാകരന് അയച്ച കത്തിൽ അഡ്വ. അനിൽ ഐക്കര അഭിപ്രായപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും
മാന്യതയുള്ള പ്രൊഫഷനെങ്കിലും ഇന്ന് തൊഴിൽ സുരക്ഷയുടെ കാര്യത്തിൽ ഒരു
സർക്കാരും ഇടപെടാത്ത മേഖലയായതിനാലുള്ള വിഷമങ്ങൾ ധാരാളമായി സഹിച്ചാണ് യുവ
അഭിഭാഷകർ രംഗത്തു നില നിൽക്കുന്നത് എന്നു മന്ത്രി മനസ്സിലാക്കണം.
അവരുടെ
പല മേഖലകളിലായുള്ള പ്രവർത്തനങ്ങളിൽ ഒന്ന് ആധാരമെഴുത്താണ്.
അഭിഭാഷകരുടെ ജീവിതം മന്ത്രി ഉദ്ദേശിക്കുന്നതുപോലെ സുഖകരമായ ഒന്നല്ല.
അർദ്ധരാത്രികഴിഞ്ഞാലും പുസ്തകങ്ങളിൽ റൂളിംഗുകളിലും ഉറക്കമൊഴിച്ച്
കാത്തിരുന്ന് നിയമപരമായ കാര്യങ്ങൾ കണ്ടെത്തി വ്യവഹാരങ്ങൾ നടത്തി,
സാധാരണക്കാരെ മുതൽ സർക്കാരുകളെ വരെ നില നിർത്തുവാൻ പരിശ്രമിക്കുന്ന
അഭിഭാഷക സമൂഹത്തെ വിലകുറച്ചു കാണരുത്.
എല്ലാ രംഗത്തും സർക്കാർ തലത്തിലുള്ള
അവഗണനയെയും പലപ്പോഴും ഫീസിനെക്കാൾ മനുഷ്യത്വം പരിഗണിച്ച്
ജീവിക്കേണ്ടിവരുന്ന സാഹചര്യവും അഭിഭാഷകർ നേരിടുന്നുണ്ട്. ആധാരമെഴുത്ത്,
കരാർ തയ്യാറാക്കലുകൾ, എഴുത്താധാരങ്ങൾ, കൈമാറ്റരേഖകൾ ഇവയെല്ലാം
അഭിഭാഷകരുടെ അതി പ്രാചീനകാലം മുതൽക്കുള്ള പ്രഖ്യാപിത കർത്തവ്യങ്ങളാണ്.
ഒരു ആധാരം തയ്യാറാക്കുന്നതിന് അഭിഭാഷകനോളം യോഗ്യതയുള്ള മറ്റാരുമില്ല.
ആധാരമെഴുത്തുകാർ പാരമ്പര്യമോ, പരിശീലനമോ കൊണ്ട് നേടുന്ന കാര്യം അഭിഭാഷകൻ
നിയമ പഠനത്തിലൂടെ ഏറ്റവും വേഗം നേടുന്നു. ആധാരമെഴുത്തുകാർ എഴുതിയ പല
ആധാരങ്ങളിലുമുള്ള വീഴ്ചകൾ അഭിഭാഷകർ പരിഹരിക്കാറുമുണ്ട്. ബഹുവിധ നിയമങ്ങൾ
ഉപയോഗിക്കുന്ന മേഖലയിൽ അഭിഭാഷകർക്ക് സ്ഥാനമില്ലാതെയാക്കുന്നതിനുള്ള
നീക്കം മുളയിലേ നുള്ളുവാൻ അഭിഭാഷക സമൂഹത്തിനു കഴിയും.
കേരളത്തിലെ യുവ
അഭിഭാഷകർക്ക് നേരെയുള്ള വെല്ലുവിളിയായി ഈ നീക്കത്തെ അവരും തിരിച്ചറിഞ്ഞു
കഴിഞ്ഞു.
വക്കീലന്മാർ അഞ്ചും അതിലേറെയും വർഷങ്ങൾ നിയമം പഠിച്ചിട്ടാണ്
ആധാരമെഴുതുവാൻ രംഗത്തു വരുന്നത്. കൂടാതെ വസ്തു കൈമാറ്റ നിയമങ്ങൾ,
രജിസ്ട്രേഷൻ നിയമങ്ങൾ, സ്റ്റാമ്പ് നിയമങ്ങൾ, കരാർ നിയമങ്ങൾ എന്നു വേണ്ട
വസ്തു കൈമാറ്റ സംബന്ധമായ എല്ലാ പഴുതുകളും പഠിച്ച് മനസ്സിലാക്കിയാണ് ആധാര
രംഗത്ത് വരുന്നത്.അഭിഭാഷകരെ ഈ രംഗത്തു നിന്ന് മാറ്റി നിർത്തുമെന്നുള്ള
പ്രഖ്യാപനം എന്തു സാഹചര്യത്തിൽ ഉണ്ടായതായാലും പ്രതിഷേധാർഹമാണ്. നിയമ
രംഗത്തെ പ്രധാനപ്പെട്ട കലയാണ് ഡ്രാഫ്റ്റിംഗ് അഥവാ നിയാമക ആലേഖനം.
അഭിഭാഷകരെ ഈ രംഗത്തു നിന്ന് മാറ്റി നിർത്തുമെന്നു പ്രഖ്യാപിച്ചതോടെ
പുരാതനകാലം മുതൽക്കേയുള്ള അഭിഭാഷക സമൂഹത്തിൻ്റെ അവകാശങ്ങളിലാണ് സർക്കാർ
കൈ വയ്ക്കുവാൻ ശ്രമിയ്ക്കുന്നത്. ഇതിനെതിരെ പൊതുജന സമൂഹവും
പ്രതികരിയ്ക്കും, കാരണം പൊതു ജനങ്ങൾക്ക് ഏറ്റവും കൂടുതൽ കൃത്യമായ നിയമ
ഉപദേശം ലഭിക്കുന്ന സാഹചര്യം ആധാരം എഴുതുന്ന സമയത്ത് ലഭ്യമാവാതെ പോകുന്ന
അവസ്ഥ വരികയാണ്. ജനങ്ങൾ നിയമകാര്യത്തിനു മറ്റാരെ സമീപിക്കണമെന്നാണ്
മന്ത്രി പറയുന്നതെന്ന് വ്യക്തമാക്കണം, കത്തിൽ അഡ്വ. അനിൽ ഐക്കര
ആവശ്യപ്പെട്ടു.
ഭാരത ഭരണഘടനയിലെ അവകാശങ്ങളിൽ ഒന്നാണ് മാന്യമായി തൊഴിൽ ചെയ്ത്
ജീവിക്കുന്നതിനുള്ള അവകാശം. നിയമം പഠിച്ചവർക്ക് അതുപയോഗിച്ച്
ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുവാനാവില്ല. അഭിഭാഷകർക്കു വേണ്ടിയുള്ള
നിയമങ്ങളിലും ലീഗൽ ഡ്രാഫ്റ്റിംഗ് അഭിഭാഷകരുടെ അവകാശമാണ്. അത്
റദ്ദാക്കുവാൻ ഏതു ചട്ടം കൊണ്ടുവരുന്നതും നിയമ വിരുദ്ധമാണ്. കൂടാതെ
സാധാരണക്കാർക്കും ആധാരമെഴുത്തുകാർക്കും സാധിക്കുന്ന ആധാരമെഴുത്ത്
അഭിഭാഷകനു പറ്റില്ല എന്നു വരുന്നതിൽ വ്യക്തമായ മൗലിക അവകാശ ലംഘനമുണ്ട്.
ആർട്ടിക്കിൾ 14 പ്രകാരമുള്ള സമത്വത്തെപ്പറ്റി നാഴികയ്ക്കു നാല്പതു വട്ടം
പറയുന്ന ഒരു മന്ത്രി ഇത്തരം നിരുത്തരവാദപരമായ പ്രസ്താവന
നടത്തരുതായിരുന്നുവെന്ന് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ആധാരമെഴുത്തുകാർ അപേക്ഷ നൽകിയെന്നു കരുതി അവർക്കായി ഇത്തരം പ്രസ്താവനകൾ
ഇറക്കിക്കൊണ്ട് ഒരു കൂട്ടം നിയമ സ്നേഹികളെ വഴിയാധാരമാക്കുവാനുള്ള
നീക്കത്തിനെതിരെ പൊതു അഭിഭാഷക സമൂഹം പ്രതികരിക്കുന്നതിനു മുൻപേ
വ്യക്തതയുള്ള തിരുത്തൽ വരുത്തണമെന്ന് ഈ കത്തിലൂടെ അഭ്യർത്ഥിക്കുന്നു
എന്നു പറഞ്ഞാണ് അനിൽ ഐക്കരയുടെ കത്ത് അവസാനിക്കുന്നത്. അഭിഭാഷകർ
ആധാരമെഴുതേണ്ടെന്നു ഉത്തരവിറക്കുമെന്നും വേണ്ടിവന്നൽ ഇതിനായി 1960-ലെ
ലൈസൻസിങ് ചട്ടം ഭേദഗതിചെയ്യാൻ തയ്യറാകുമെന്നും മന്ത്രി ജി. സുധാകരൻ
കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. ഇതാണ് മേൽപ്പറഞ്ഞ കത്തിനും
അഭിഭാഷകരുടെ പ്രതിഷേധങ്ങൾക്കും വഴി തെളിച്ചത്.