ലൈംഗീക ആരോപണവും സമ്പത്ത് തട്ടിപ്പും : മലങ്കര ഓർത്തഡോക്‌സ് സഭയിലെ മൂന്നു വൈദികരെ പുറത്താക്കി
സ്വന്തം ലേഖകൻ
കോട്ടയം: സഭയ്ക്ക് വിരുദ്ധമായി പ്രവർത്തനങ്ങൾ നടത്തിയ മലങ്കര ഓർത്തഡോക്‌സ് സഭയിലെ മൂന്നു വൈദികരെ പുറത്താക്കി. കോട്ടയം ഭദ്രാസനത്തിലെ വൈദികരെയാണ് സഭയിൽ നിന്നും പുറത്താക്കിയത്. ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിൽപ്പെട്ട ഫാദർ വർഗീസ് മർക്കോസ്, ഫാദർ വർഗീസ് എം വർഗീസ്, ഫാദർ റോണി വർഗീസ് എന്നിവരെയാണ് ആത്മീയ ചുമതലകളിൽ പുറത്താക്കിയത്. ലൈംഗീക
ആരോപണവും സമ്പത്ത് തട്ടിപ്പുമാണ് ഇവർക്കെതിരെ കണ്ടെത്തിയ കുറ്റങ്ങൾ.
ഓർത്തഡോക്‌സ് സഭാ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോക്ടർ യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പോലീത്തയാണ് വൈദികർക്കെതിരെ നടപടി എടുത്തത്. മൂന്ന് വൈദികർക്കെതിരെയും നേരത്തെ തന്നെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. പുറത്താക്കപ്പെട്ട ഫാ. വർഗീസ് മർക്കോസ് ആര്യാട്ടിനെതിരെ അവിഹിതബന്ധവും പണമിടപാടും അടക്കമുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട പരാതിയും ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. ഈ സംഭവത്തിൽ കോട്ടയം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടപടിക്ക് വിധേയനായ മറ്റൊരു വൈദികൻ ഫാ. വർഗീസ് എം.വർഗീസ് ചക്കുംചിറയിലിനെ, കഴിഞ്ഞ ദിവസം വാകത്താനത്ത് അനാശാസ്യം ആരോപിച്ച് വിശ്വാസികൾ ചാപ്പലിൽ തടഞ്ഞുവച്ച സംഭവം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട നേരത്തെയും പരാതികൾ ഉന്നയിച്ചിരുന്നു. ഫാ. റോണി വർഗീസിനെതിരെയും സമാനമായ രീതിയിലുള്ള പരാതികൾ ഉണ്ടായിരുന്നു.
പ്രാഥമിക നടപടികളാണ് നിലവിൽ എടുത്തിട്ടുള്ളത്. ഇനി ചേരുന്ന സഭയുടെ കോട്ടയം ഭദ്രാസന കൗൺസിൽ വിഷയം ചർച്ചചെയ്യും. തുടർന്ന് പരാതിയിൽ അന്വേഷണ കമ്മീഷനെ നിയമിക്കുകയാണ് നടപടിക്രമം. ഈ കമ്മീഷൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരിക്കും വൈദികർക്കെതിരായ തുടർ നടപടികൾ സ്വീകരിക്കുക.നിരപരാധിത്വം തെളിയിക്കുന്നതുവരെ ഭരണഘടനപരമായ ചുമതലകളിൽ നിന്ന് വൈദികരെ ഒഴിവാക്കി.