ജില്ലയിൽ വീണ്ടും അപകടം: കറുകച്ചാൽ മണിമല റോഡിലുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്; തുടർച്ചയായി ഉണ്ടായത് രണ്ട് അപകടങ്ങൾ
സ്വന്തം ലേഖകൻ
കോട്ടയം: അപകടങ്ങൾക്ക് അറുതിയില്ലാതെ ജില്ല..! ജില്ലയിൽ തുടരുന്ന അപകടങ്ങൾ തുടർക്കഥയാകുന്നതായാണ് റിപ്പോർട്ട്. ഏറ്റവും ഒടുവിൽ കറുകച്ചാൽ-മണിമല റോഡിലും, ചങ്ങനാശേരി-വാഴൂർ റോഡിലുമാണ് തിങ്കളാഴ്ച അപകടങ്ങളുണ്ടായത്. രണ്ട് അപകടങ്ങളിലായി നാലു പേർക്കാണ് ഇവിടെ പരിക്കേറ്റത്. ഉച്ചകഴിഞ്ഞ്
രണ്ടരയോടെ മണിമല റോഡിൽ മാണികുളത്തിന് സമീപമാണ് അപകടമുണ്ടായത്.
നെടുംകുന്നത്തു നിന്നും കറുകച്ചാൽ ഭാഗത്തേയ്ക്ക് വന്ന
ഓട്ടോറിക്ഷയ്ക്കു പിന്നിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞതോടെ , ഓട്ടോ ഡ്രൈവർ കോത്തലപ്പടി സ്വദേശി വരമ്പകത്ത് രാമചന്ദ്രൻനായർ (44), യാത്രക്കാരി നെടുംകുന്നം എള്ളിൽ ജോളി ജോൺ (54) എന്നിവർക്ക് പരിക്കേറ്റു. താടിയെല്ലിന് പരിക്കേറ്റ
രാമചന്ദ്രൻനായരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചയ്ക്കു ശേഷം 2.45 ഓടെ വാഴൂർ റോഡിൽ മാന്തുരുത്തിക്ക് സമീപമായിരുന്നു രണ്ടാമത്തെ അപകടം. മാന്തുരുത്തിയിൽ നിന്നും പതിനാലാം മൈലിലേക്ക് പോയ പാലമറ്റം സ്വദേശികൾ സഞ്ചരിച്ച സ്‌കൂട്ടർ എതിർദിശയിൽ വന്ന പിക്ക്അപ്പ് വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ
പ്രവേശിപ്പിച്ചു.
രണ്ടിടത്തും അപകടത്തെ തുടർന്ന് പതിനഞ്ചു മിനിറ്റിലേറെ ഗതാഗതം മുടങ്ങുകയും ചെയ്തു. സ്ഥലത്ത് എത്തിയ കറുകച്ചാൽ പൊലീസാണ് ഗതാഗത തടസം നീക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.