തൊഴിലുറപ്പ്: പാമ്പാടി ബ്ലോക്കിൽ കില ഇറ്റിസി പരിശീലനം തുടങ്ങി
സ്വന്തം ലേഖകൻ
കോട്ടയം: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തിൽ പാമ്പാടി ബ്ലോക്കിൽ നടത്തുന്ന നാലു ദിവസത്തെ ഓഫ് കാമ്പസ് പരിശീലനം തുടങ്ങി. ബ്ലോക്കിലെയും ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെയും തെരഞ്ഞെടുത്ത ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മേറ്റുമാർ എന്നിവർക്കാണ് പരിശീലനം. കില ഇറ്റിസിയുടെ ‘മാറിയ തൊഴിലുറപ്പും മാറേണ്ട ജോലികളും’ എന്ന പരിശീലന പരമ്പരയുടെ ഭാഗമായാണ് പരിശീലനം.
തൊഴിലുറപ്പു പദ്ധതിയിലെ മാറ്റങ്ങൾ, ഫീൽഡ് തല പ്രശ്നങ്ങൾ, പരിഹാരങ്ങൾ, സംശയങ്ങൾക്ക് മറുപടി, മേറ്റുമാരുടെ ചുമതലകൾ, ബ്ലോക്കു പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് ഏറ്റെടുക്കാൻ കഴിയുന്ന ആസ്തി വികസന പ്രവൃത്തികൾ എന്നിവയാണ് പരിശീലനത്തിൽ വിശദീകരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യക്തിഗത ആസ്തി വികസന പദ്ധതികളായ കാലിത്തൊഴുത്ത്, ആട്ടിൻകൂട്, അഴുക്ക് തോട് നിർമ്മാണം, കംപോസ്റ്റ് കുഴികൾ, മണ്ണു – ജലസംരക്ഷണ ഉപാധികൾ, കിണർ റീചാർജിംഗ്, പുതിയ കിണറുകൾ എന്നിവ പദ്ധതിയിൽ ഏറ്റെടുക്കുന്നതിന് വേണ്ട പ്രായോഗിക നിർദ്ദേശങ്ങളും പരിശീലനത്തിൽ നൽകുന്നുണ്ട്.
പാമ്പാടി ബ്ലോക്ക് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ താമരശേരി പരിശീലനം ഉദ്ഘാടനം ചെയ്തു. കില ഇറ്റിസി പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണർ ജി.കൃഷ്ണകുമാർ പരിശീലന പരിപാടി വിശദീകരിച്ചു. ജില്ലാ തൊഴിലുറപ്പു മിഷൻ ജെപിസി പി.എസ്. ഷിനോ, ബിഡിഒ ലിബി മാത്യൂസ്, ഇറ്റിസി ലക്ചറർ ഡോ.ജുനാ എൽ.പോൾ എന്നിവർ സംസാരിച്ചു. റിട്ട. ഡെപ്യൂട്ടി കമ്മീഷണർ സി.ശശിധരൻപിള്ള ക്ലാസെടുത്തു.