
ആർട്‌സ് ഡേയിൽ ബൈക്കിൽ ഗതാഗതനിയമം ലംഘിച്ച് ഇരുചക്രവാഹനത്തിൽ അഭ്യാസം ; ബൈക്കിൽ ചെത്തിനടന്ന വിദ്യാർത്ഥികളെ കയ്യോടെ പൊക്കി ഉദ്ഘാടകരായി വന്ന ജനമൈത്രി പൊലീസ്
സ്വന്തം ലേഖകൻ
എടപ്പാൾ: ആർട്‌സ് ഡേയിൽ ബൈക്കിൽ ഗതാഗതനിയമം ലംഘിച്ച് ഇരുചക്ര വാഹനത്തിൽ അഭ്യാസം നടത്തി വിദ്യാർത്ഥികളെ കയ്യോടെ പൊക്കി കോളജിൽ ഉദ്ഘാടകരായെത്തിയ ജനമൈത്രി പൊലീസ്.
പറക്കുളത്തെ ഒരു കോളജിലായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്.. കോളജിലെ ആർട്‌സ് ഡേയ്ക്ക് ഉദ്ഘാടകരായി ക്ഷണിച്ചത് തൃത്താല സ്റ്റേഷനിലെ ജനമൈത്രി പൊലീസുകാരെയാണ്. ട്രാഫിക് ബോധവൽക്കരണത്തിന്റെ കൂടി ചുമതലയുള്ള സമീറലി, ജിജോ മോൻ എന്നിവരായിരുന്നു ഉദ്ഘാടനത്തിനായി വേദിയിൽ ഉണ്ടായിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടയ്ക്കാണ് മുപ്പത് പേരടങ്ങുന്ന അവസാന വർഷ ബിരുദ വിദ്യാർഥികൾ ബൈക്കിൽ ‘ഷോ’ കാണിക്കാനെത്തിയത്. ഹെൽമറ്റ് പോലുമില്ലാതെ മൂന്നു പേരെ വച്ച് കാതടിപ്പിക്കുന്ന ശബ്ദത്തിൽ ബൈക്കിൽ അഭ്യാസം നടത്തിയവരെ കണ്ടപ്പോൾ പ്രസംഗം നിർത്തിയ സിവിൽ പൊലീസ് ഓഫീസർമാർ പ്രിൻസിപ്പലിന്റെ അനുവാദത്തോടെ രംഗത്തിറങ്ങുകയായിരുന്നു.
എന്നാൽ പൊലീസിനെ കണ്ടതോടെ സംഘം വേഗത്തിൽ ബൈക്ക് ഓടിച്ചു പോയെങ്കിലും മൂന്നുപേരെയും കയ്യോടെ പിടികൂടി. പിന്നീട് ഇവരെ സ്റ്റേഷനിലെത്തിച്ച് രക്ഷിതാക്കളെ വിളിച്ചു വരുത്തി പിഴ ഈടാക്കി വിട്ടയച്ചു. ബാക്കിയുള്ളവരോട് സ്റ്റേഷനിലെത്താൻ നോട്ടീസ് നൽകിയിട്ടുമുണ്ട്. സിനിമാ സ്‌റ്റൈലിൽ നടപടിയെടുത്ത പൊലീസുകാരെ മറ്റു വിദ്യാർഥികൾ കയ്യടിച്ചും ആർപ്പുവിളിച്ചുമാണ് സ്വീകരിച്ചത്.