ദേശീയ പൗരത്വ രജിസ്റ്റർ : സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് തള്ളി കേന്ദ്രസർക്കാർ മുന്നോട്ട്
സ്വന്തം ലേഖകൻ
ഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ നിയമത്തിനെതിരെ സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് തള്ളി നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് കേന്ദ്രസർക്കാർ ഇതുവരെ കണക്കിലെടുത്തിട്ടില്ല. എൻപിആർ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ഉന്നത ഉദ്യോഗസ്ഥ തല യോഗം ഇന്ന് നടക്കും.
ചീഫ് സെക്രട്ടറിയും സെൻസസ് ഡയറക്ടറും ആണ് എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധികരിക്കുക. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയും പങ്കെടുക്കും.അതേസമയം, കേരളവും ബംഗാളും എൻപിആർ നടപടികൾ നിർത്തി വയ്ക്കണമെന്ന് രജിസ്റ്റാർ ജനറൽ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ യോഗവും ഈ രണ്ട് സംസ്ഥാനങ്ങളും ബഹിഷ്‌ക്കരിയ്ക്കും എന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ദേശീയ ജനസംഖ്യാ കണക്കെടുപ്പ് നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വിവരശേഖരണത്തിന് തഹസിൽദാർമാർ നോട്ടിസ് ഇറക്കിയതിനു പിന്നാലെയാണ് ഉത്തരവ്. ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. റവന്യു വകുപ്പ് ദേശീയ ജനസംഖ്യാ കണക്കെടുപ്പിനുള്ള നടപടി ആരംഭിച്ചെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.
ജനസംഖ്യാ റജിസ്റ്ററിനുള്ള നടപടികൾ തുടങ്ങുന്നതായി കാണിച്ച് താമരശേരി, കോട്ടയം തഹസിൽദാർമാർ നൽകിയ നോട്ടിസാണ് വിവാദമായത്. വിവരശേഖരണത്തിന് അധ്യാപകരെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപകർക്കും സ്‌കൂൾ പ്രിൻസിപ്പൽമാർക്കുമാണ് നോട്ടിസ് നൽകിയത്.
ഈ മാസം 13നാണ് താമരശേരി തഹസിൽദാർ ജനസംഖ്യാ റജിസ്ട്രിക്കായുള്ള നടപടികൾ തുടങ്ങുന്നതായി കാണിച്ച് സ്‌കൂളുകൾക്ക് നോട്ടിസ് അയച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് അധ്യാപകരെ ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. ജനസംഖ്യാ റജിസ്ട്രിക്കുള്ള നടപടികൾ നിർത്തിവച്ചെന്നു സർക്കാർ പറയുമ്പോൾ തന്നെയാണ് ഇത്തരത്തിലൊരു നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.