
സ്വന്തം ലേഖകൻ
കായംകുളം:വാർത്ത നൽകിയതിന്റെ വൈരാഗ്യത്തിൽ ബാർ- ഹോട്ടൽ മുതലാളിമാർ വീട് കയറി അക്രമിച്ചു. മാധ്യമപ്രവർത്തകന് പരിക്ക്. മാധ്യമം മാവേലിക്കര ലേഖകനും കറ്റാനം മീഡിയ സെന്റർ സെക്രട്ടറിയുമായ സുധീർ കട്ടച്ചിറയെയാണ് (45) ബാറുടമകൾ മർദ്ദിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. വീടിന് മുന്നിലേക്ക് അതിക്രമിച്ച് കയറിയ രണ്ടംഗ സംഘമാണ് മർദ്ദിച്ചതെന്ന് സുധീർ പൊലീസിന് മൊഴി നൽകി. കട്ടച്ചിറ കൈലാസം വീടിന് മുന്നിലെത്തിയ സംഘം ഗേറ്റിനരികിലേക്ക് വിളിച്ചുവരുത്തിയാണ് തലക്ക് കമ്പിവടികൊണ്ട് അടിച്ചത്. ഒഴിഞ്ഞുമാറിയതിനാലാണ് കൂടുതൽ അക്രമത്തിൽ നിന്നും രക്ഷപ്പെട്ടത്. വീടിന് നേരെ കല്ലുകൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം മടങ്ങിയത്. സമീപവാസികളായ സുനിൽകുമാർ, രതീഷ് എന്നിവരാണ് അക്രമം നടത്തിയതെന്ന് സുധീർ പറഞ്ഞു. പ്രതികൾക്കെതിരെ പത്രങ്ങളിൽ വാർത്ത വന്നതിലെ വൈരാഗ്യമാണ് അക്രമണ കാരണം. പ്രതികളിലൊരാൾ ഭരണിക്കാവ് വില്ലേജ് ഓഫീസറെ ഓഫീസിൽ കയറി അധിക്ഷേപിച്ചത് സംബന്ധിച്ചായിരുന്നു വാർത്ത. കൂടാതെ നിലനികത്തലും മറ്റ് വിഷയങ്ങളും വാർത്തയായിരുന്നു. ഇതും പ്രകോപനത്തിന് കാരണമായതായി സംശയിക്കുന്നു. പരിക്കേറ്റ സുധീറിനെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.