play-sharp-fill
കൂടത്തായി ; സിനിമാ-സീരിയൽ നിർമ്മാതാക്കൾക്ക് കോടതി നോട്ടീസ്

കൂടത്തായി ; സിനിമാ-സീരിയൽ നിർമ്മാതാക്കൾക്ക് കോടതി നോട്ടീസ്

 

സ്വന്തം ലേഖിക

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര ഇതിവൃത്തമാക്കി നിർമ്മിക്കുന്ന സിനിമയുടെയും സീരിയലിന്റെയും നിർമ്മാതാക്കൾക്ക് കോടതി നോട്ടീസ് നൽകി.

താമരശേരി മുൻസിഫ് കോടതിയാണ് നിർമ്മാതാക്കൾക്ക് നോട്ടിസ് അയച്ചത്. ആശീർവാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂർ, വാമോസ് പ്രൊഡക്ഷൻസ് ഉടമയും നടിയുമായ ഡിനി ഡാനിയൽ, ഫ്ളവേഴ്‌സ് ടിവി തുടങ്ങിയ കക്ഷികൾക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഇവർ ജനുവരി 13ന് കോടതിയിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി തോമസിന്റെ മക്കളായ റെമോ റോയ്, റെനോൾഡ് റോയ്, ജോളിയുടെ മുൻ ഭർത്താവ് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി രെൻജി വിൽസൺ എന്നിവരുടെ ഹർജിയിലാണ് കോടതി നിർമ്മാതാക്കൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

സിനിമാ-സീരിയൽ നിർമ്മാതാക്കൾ ഈ സാഹചര്യത്തെ മുതലെടുക്കുകയാണെന്നും ഇതു ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നുമാണ് ഹർജിക്കാരുടെ അഭിഭാഷകനായ എംമുഹമ്മദ് ഫിർദൗസ് പറഞ്ഞത്.

ജോളിയുടെ മക്കളായ റെമോയും റെനോൾഡും തങ്ങളുടേതല്ലാത്ത കാരണത്താൽ വലിയ മാനസിക സംഘർഷത്തിലൂടെയാണ് ഇപ്പോൾ കടന്നുപോവുന്നത്. അവർക്ക് പഠിക്കാൻപോലും സാധിക്കുന്നില്ല.

ഈ സാഹചര്യത്തിൽ കൂടത്തായി കൊലപാതക പരമ്പരയെ ഇതിവൃത്തമാക്കി എരിവും പുളിയും ചേർത്ത് സിനിമകളും സീരിയലുകളും ഇറങ്ങുന്നത് അവരുടെ ഭാവിയെ വളരെ സാരമായി ബാധിക്കും. ജോളിയെ എതിർകക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ ‘കൂടത്തായ്’ എന്ന പേരിലാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. സീരിയൽ താരമായ ഡിനി ഡാനിയേൽ ‘ജോളി’ എന്ന പേരിലാണ് ചിത്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഫ്ളവേഴ്‌സ് ടിവി ‘കൂടത്തായ്’ എന്ന പേരിൽ ജനുവരി 13 തിങ്കളാഴ്ച മുതൽ പരമ്പര സംപ്രേഷണം ചെയ്യാനിരിക്കുകയാണ്.