ബ്ലേഡ് മാഫിയാ രംഗത്ത് സ്ത്രീകളും ; രഹസ്യ വിവരത്തെ തുടർന്ന് നടന്ന പൊലീസ് റെയ്ഡിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
പാനൂർ: ബ്ലേഡ് മാഫിയാ രംഗത്ത് സ്ത്രീകളും സജീവം. രഹസ്യ വിവരത്തെ തുടർന്ന് നടന്ന പൊലീസ് റെയ്ഡിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പണം നൽകുന്നതിനും പലിശ പിരിക്കുന്നതിനും പുരുഷൻമാർക്കു പകരം ബ്ലേഡ് മാഫിയ സ്ത്രീകളെ നേരത്തെ ഉപയോഗിച്ച് തുടങ്ങിയിരുന്നു. പുതിയ രീതിക്കു പിന്നാലെയാണ് വനിതകളും ബ്ലേഡ് രംഗത്ത് എത്തിയിരിക്കുന്നത്.
നേരത്തെ പുരുഷൻമാരെ ഉപയോഗപ്പെടുത്തി പണം നൽകലും പലിശ പിരിക്കലും നടത്തിയിരുന്ന ബ്ലേഡ് സംഘങ്ങൾ പുരുഷൻമാർക്ക് പകരം സ്ത്രീകളെ ഇതിനായി ഉപയോഗപ്പെടുത്തുകയായിരുന്നു. പുരുഷൻമാർ പലരും പണപ്പിരിവിൽ വെട്ടിപ്പ് നടത്തിയതോടെയാണ് വനിതകളെ ഉപയോഗപ്പെടുത്തിയത്. പണപ്പിരിവിനും മറ്റും പ്രതിഫലമായി പുരുഷ ഏജന്റുമാരെക്കാളും കുറവ് പണംമാത്രം സ്ത്രീകൾക്കു നൽകിയാൽ മതിയെന്നതും ഒരു കാരണമായിരുന്നു. പുരുഷൻമാരായ പണപ്പിരിവുകാർക്ക് ശമ്പളമായി വൻതുക നൽകേണ്ടിവന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വനിതകൾക്ക് പിരിച്ചെടുക്കുന്ന പണത്തിന്റെ നിശ്ചിത ശതമാനം കമ്മീഷനായി നൽകുകയാണ് ചെയ്യുന്നത്. ഇത് ബ്ലേഡുകാരെ സംബന്ധിച്ചിടത്തോളം ലാഭകരവുമാണ്. ഇത്തരത്തിൽ പണമിടപാടും പലിശപിരിവും നടത്തിയ വനിതകൾ തങ്ങളുടെ ബന്ധങ്ങളും പരിചയവും ഉപയോഗപ്പെടുത്തി സ്വന്തംനിലയിൽ ബ്ലേഡ് ഇടപാട് ആരംഭിച്ചതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. പാനൂർ, ചൊക്ലി മേഖലയിൽ ഇത്തരം വനിതാ ബ്ലേഡ് സംഘങ്ങൾ സജീവമാണ്.
ചൊക്ലി പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ യുവതിയുൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചൊക്ലി സി.ഐ സുനിൽകുമാർ, എസ്‌ഐ സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ മേക്കുന്നിലെ ഷിബിന (32), പെരിങ്ങത്തൂരിലെ ശങ്കരൻകുട്ടി (62) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ നിരവധി മുദ്രപത്രങ്ങൾ, ബ്ലാങ്ക് ചെക്ക് ലീഫുകൾ, നിരവധി രേഖകൾ എന്നിവ പിടികൂടി. പരിശോധനയിൽ എസ്‌ഐ മാരായ സുരേന്ദ്രൻ, പ്രേമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീപ്രസാദ്, സുധീർ, സഹദേവൻ എന്നിവരും പങ്കെടുത്തു.