വീട്ടിലെ മാലിന്യം മുഴുവൻ റോഡരികിൽ തള്ളി; പകൽമാന്യന്മാരെ തിരിച്ചറിഞ്ഞ് റസിഡൻസ് അസോസിയേഷൻ: മാലിന്യം തള്ളിയവരെ കണ്ടെത്തിയത് റിട്ട. എസ് ഐ
സ്വന്തം ലേഖകൻ
കോട്ടയം: അടുക്കളയിൽ നിന്നുള്ള മാലിന്യവും, വീട്ടിലെ മറ്റ് മാലിന്യങ്ങളും ചാക്കിൽക്കെട്ടി റോഡരികിൽ തള്ളിയവരെ റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ തിരിച്ചറിഞ്ഞു. രണ്ട് ചാക്കുകളിലായി മാലിന്യം നിറച്ച് കഞ്ഞിക്കുഴി പാലത്തിനു സമീപത്തെ റോഡരികിലാണ് മാലിന്യം തള്ളിയത്. ഇവിടെ സ്ഥിരമായി ആളുകൾ മാലിന്യം തളളാറുണ്ട്.ഇതോടെ പ്രദേശമാകെ ദുർഗന്ധത്തിൽ മുങ്ങുകയാണ് പതിവ്.ഇതോടെയാണ് മൈത്രി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാലിന്യം തള്ളിയവരെ കണ്ടെത്താൻ പരിശോധന ആരംഭിച്ചു. ഇതേ തുടർന്ന് അസോസിയേഷൻ പ്രസിഡന്റും റിട്ട. എസ് ഐയുമായ ജോർജ് തറപ്പേൽ , പള്ളം ബ്ളോക്ക് പഞ്ചായത്തംഗം റോയി ജോൺ ഇടയത്തറ എന്നിവർ പരിശോധനയ്ക്കിറങ്ങുകയായിരുന്നു. ഇന്നലെ റോഡരികിൽ തള്ളിയ മാലിന്യ ചാക്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ നിന്നും ഒരു വിലാസം ഇവർക്ക് ലഭിച്ചത്. ഈ വിലാസക്കാരനെ കണ്ടെത്തി ആദ്യ ഘട്ടത്തിൽ താക്കീത് നൽകും. ആദ്യ തവണ പിടിക്കപ്പെട്ടതിനാലാണ് ഇക്കുറി ഇവരുടെ പേര് വെളിപ്പെടുത്താത്തതെന്ന് അസോസിയേഷൻ നേതാക്കൾ അറിയിച്ചു .
കഞ്ഞിക്കുഴി റോഡരികിലും പാലത്തിലും മാലിന്യം തള്ളുന്നവരെ കണ്ടെ ത്താൻ ക്യാമറകൾ സ്ഥാപിക്കും. തുടർന്ന് മാലിന്യം തള്ളുന്നവരുടെയും ഇവർ എത്തിയ വാഹനത്തിന്റെയും ചിത്രം സഹിതം മാധ്യമങ്ങളിൽ വാർത്ത നൽകും. വാർത്തയും ചിത്രവും മാലിന്യം തള്ളിയതിനു പിടിക്കപ്പെടുന്നവരുടെ വിലാസവും രേഖപ്പെടുത്തിയ ഫ്ളക്സ് ബോർഡ് കഞ്ഞിക്കുഴി കവലയിൽ സ്ഥാപിക്കുന്നതിനും അസോസിയേഷന് പദ്ധതിയുണ്ട്.