കെ.എസ്.ആർ.ടി.സി ബസിന്റെ എഞ്ചിൻ ബോക്‌സിന് മുകളിൽ ഇരിക്കുന്നതിന് സ്ത്രീകൾ തമ്മിൽ വാക്ക് തർക്കവും അടിപിടിയും ;ഒടുവിൽ പൊലീസെത്തി ഇരുവരെയും ബസിൽ നിന്നും ഇറക്കി വിട്ടു
സ്വന്തം ലേഖകൻ
മറയൂർ: തിരക്കുള്ള കെ.എസ്.ആർ.ടി,സി ബസിൽ ഇരിപ്പിടത്തിനായി തമ്മിൽ തല്ലി സ്ത്രീകൾക്ക് പരിക്കേറ്റു. ബസിന്റെ എഞ്ചിൻ ബോക്‌സിൽ ഇരിക്കുന്നതിനായാണ് സ്ത്രീകൾ തമ്മിൽ വാക്ക് തർക്കവും അടിപിടിയും ഉണ്ടായത്. ഉദുമൽപ്പേട്ടയിലേക്ക് പോയ കെ.എസ.്ആർ.ടി.സി ബസിലാണ് സംഭവം.
ബസിൽ നല്ല തിരക്കായിരുന്നു. മൂന്നാറിൽ നിന്ന് ഉദുമൽപ്പേട്ടയിലേക്ക് ടിക്കറ്റ് എടുത്ത ദിണ്ഡിഗൽ സ്വദേശിയായ വീട്ടമ്മയ്ക്ക് മറയൂർവരെ സീറ്റ് കിട്ടിയില്ല. ഇവർ ഡ്രൈവറുടെ സമീപത്തുള്ള എഞ്ചിൻ ബോക്‌സിന് മുകളിൽ ഇരിക്കാൻ ശ്രമിച്ചു. മറയൂർ സ്വദേശിനിയായ വീട്ടമ്മയും ഇവിടെ ഇരിക്കാനെത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കവും അടിപിടിയുമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീകൾ പരസ്പരം മുടിയിൽ കുത്തിപ്പിടിക്കുകയും കൈയിൽ കടിക്കുകയും ചെയ്തു. യാത്രക്കാർ ഇടപെട്ടിട്ടും രോഷം അടങ്ങിയില്ല. ഇതിനിടെ ഇവരെ നിയന്ത്രിക്കാൻ യാത്രക്കാരും കണ്ടക്ടറും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. മറയൂർ അഡീഷണൽ എസ്.ഐ അനിൽ കെകെയും സംഘവുമെത്തി പ്രശ്‌നം പരിഹരിച്ചു. രണ്ടുപേരെയും ബസിൽനിന്ന് ഇറക്കി വിട്ടു.