ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നു ; മതനിരപേക്ഷതക്ക് വേണ്ടി കേരളത്തിൽ നിന്നും ഉയരുന്നത് ഒരേ സ്വരം : പിണറായി വിജയൻ
സ്വന്തം ലേഖിക
തിരുവനന്തപുരം: നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കാൻ ആർ എസ് എസ് ശ്രമിക്കുന്നു, മതനിരപേക്ഷതക്ക് വേണ്ടി കേരളത്തിൽ നിന്ന് ഉയരുന്നത് ഒരേ സ്വരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി ഭേദവും മതവിദ്വേഷവും ഒരു ഘട്ടത്തിലും കേരളത്തിനെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാർട്ടികൾ തിരുവനന്തപുരത്ത് നടത്തിയ സംയുക്തസത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ന്യൂനപക്ഷ വിഭാഗത്തെ പൗരൻമാരല്ലെന്ന് പ്രഖ്യാപിച്ചാൽ കേരളത്തിൽ അത് നടപ്പാക്കാൻ സൗകര്യപ്പെടില്ല. സർക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആർഎസ്എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഒരു പ്രത്യേക മാർഗത്തിലൂടെ തിരിച്ച് വിടാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. അത് വിലപ്പോകില്ലെന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നത്. കക്ഷി ഭേദമില്ലാതെ കേരളത്തിൽ നടക്കുന്ന സംയുക്ത പ്രതിഷേധം അതിന് തെളിവാണ്. വിവിധ മേഖലയിൽ നിന്ന് വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്നതാണെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ജാതിയുടേയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള ഒരു വേർതിരിവ് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമത്തിലെ യുക്തി രാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
ഭരണഘടനാ വിരുദ്ധമായ ഒന്നും അംഗീകരിക്കുന്ന പ്രശ്നം ഇല്ലെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. പൗരത്വത്തിന്റെ അടിസ്ഥാനം മതമായാൽ ആ രാജ്യം മതരാഷ്ട്രമാകും. മതനിരപേക്ഷത സംരക്ഷിക്കാൻ മതത്തിന്റെ പേരിലുള്ള പൗരത്വ നിയമത്തെ ഇല്ലാതാക്കിയെ കഴിയൂ എന്നും പിണറായി വിജയൻ പറഞ്ഞു.
ഐക്യരാഷ്ട്ര സഭയും അമേരിക്ക അടക്കം ലോക രാജ്യങ്ങളും കേന്ദ്രസർക്കാർ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യരെല്ലാം ഒന്നാണെന്ന് പ്രഖ്യാപിച്ച നവോത്ഥാന മുന്നേറ്റത്തിന്റെ പിൻബലമാണ് കേരളത്തിനുള്ളത്, വ്യത്യസ്തമായ കാഴ്ചപ്പാടുകളേയും സംസ്കാരങ്ങളെയും സ്വീകരിച്ച കേരളം കേന്ദ്ര നിയമത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
ന്യൂനപക്ഷ വിഭാഗത്തെ പൗരൻമാരല്ലെന്ന് പ്രഖ്യാപിച്ചാൽ കേരളത്തിൽ അത് നടപ്പാക്കാൻ സൗകര്യപ്പെടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കാൻ അവകാശമുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാർ, എൽഡിഎഫ്-യുഡിഎഫ് കക്ഷിനേതാക്കൾ തുടങ്ങിയവർ സത്യാഗ്രഹത്തിൽ പങ്കെടുത്തു. കേന്ദ്ര സർക്കാർ നയത്തിനെതിരെ ഈ സർക്കാറിന്റെ കാലത്ത് ആദ്യമായാണ് ഇടതു-ഐക്യമുന്നണി നേതാക്കൾ സംയുക്ത സമരം നടത്തിയത്.