play-sharp-fill
പൗരത്വ ഭേദഗതി ബിൽ: ഡിസംബര്‍ 17ന് സംയുക്ത സമിതിയുടെ സംസ്ഥാന ഹർത്താൽ

പൗരത്വ ഭേദഗതി ബിൽ: ഡിസംബര്‍ 17ന് സംയുക്ത സമിതിയുടെ സംസ്ഥാന ഹർത്താൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നും എൻ.ആർ.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബർ 17 ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആചരിക്കാൻ തിരുവനന്തപുരത്ത് ചേർന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു. ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിനെതിരെയുളള ജനാധിപത്യ പ്രതിഷേധത്തിൽ പങ്കാളികളായി ഹർത്താൽ വൻ വിജയമാക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു.

ബി.ജെ.പി സർക്കാർ പാർലമെന്റിൽ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എൻ.ആർ.സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്. മത-ജാതി പരിഗണനകൾക്ക് അതീതമായ ഭരണഘടന നിർവചിച്ച ഇന്ത്യൻ പൗരത്വം മുസ്‍ലികൾക്ക് നിഷേധിക്കുക എന്ന ആര്‍.എസ്.എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 5a, 5b, 5c, 14, 15 എന്നിവ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. ഭരണഘടനയുടെ മരണമാണിത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുക എന്ന ലക്ഷ്യം വെച്ചാണ് എൻ.ആർ.സി തയ്യാറാക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന ഈ നിയമങ്ങൾക്കെതിരെ ശക്തമായ ജനാധിപത്യ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്.

രാഷ്ട്രീയ-സാമൂഹിക-മത-സാംസ്കാരിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവർത്തകരും ഒരുമിച്ചുനിന്ന് സംഘ്പരിവാർ സർക്കാരിന്റെ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമായ നിലപാടുകളെ ചെറുക്കണം. ഇതിന് ദീർഘമായ പ്രക്ഷോഭം അനിവാര്യമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.