നടിയെ ആക്രമിച്ച കേസ് : ദിലീപിന് വീണ്ടും തിരിച്ചടി ; ഡിജിറ്റൽ തെളിവുകൾ കൈമാറാനാകില്ലെന്നു കോടതി
സ്വന്തം ലേഖിക
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് വീണ്ടും തിരിച്ചടി. ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം വിചാരണക്കോടതി തള്ളി. തെളിവുകൾ കൈമാറാനാകില്ല. വേണമെങ്കിൽ ദിലീപിനോ, അഭിഭാഷകനോ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.
പ്രതികളുടെയും സാക്ഷികളുടെയും മൊബൈൽഫോണുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവയിൽ പകർത്തിയിരുന്ന തെളിവുകളുടെ പകർപ്പുകളാണ് ദിലീപ് വിചാരണക്കോടതിയിൽ ആവശ്യപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ യാതൊരു കാരണവശാലും ഈ തെളിവുകൾ ദിലീപിന് കൈമാറരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അങ്ങേയറ്റം സ്വകാര്യമായി സൂക്ഷിക്കുന്ന കമ്പ്യൂട്ടറിലേയും മൊബൈലിലേയും ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ലഭിച്ചാൽ, ഇത് ഇരയുടെ സ്വകാര്യതയെ ബാധിക്കാനിടയുണ്ട്. മാത്രമല്ല, സാക്ഷികളെയും പ്രതികളെയും ഈ ദൃശ്യങ്ങൾ വെച്ച് ബ്ലാക്ക്മെയിൽ ചെയ്യാനോ, സ്വാധീനിക്കാനോ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഈ വാദം പരിഗണിച്ചാണ് കോടതി ഡിജിറ്റൽ തെളിവുകൾ നൽകാനാവില്ലെന്ന് വിധി പുറപ്പെടുവിച്ചത്. കേസിൽ മൂന്നു പ്രതികൾ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ നടിയെ ആക്രമിച്ച സമയത്തെടുത്ത ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.
ഈ ദൃശ്യങ്ങൾ ദിലീപിനോ, അഭിഭാഷകനോ പരിശോധിക്കാമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ സൈബർ വിഗ്ധന് പരിശോധിക്കാൻ അനുവദിക്കണമെന്ന് ദിലീപ് വിചാരണക്കോടതിയിൽ അപേക്ഷ നൽകിയത്. പരിശോധനയ്ക്ക് രണ്ടാഴ്ച വേണമെന്നായിരുന്നു ദിലീപ് കോടതിയെ അറിയിച്ചത്. എന്നാൽ ഇത്രയും സമയം അനുവദിക്കാനാവില്ലെന്നും ഒരാഴ്ച മാത്രമേ സമയം അനുവദിക്കാനാവൂ എന്നും കോടതി വ്യക്തമാക്കി.