
ക്രൈം ഡെസ്‌ക്
കോട്ടയം: സിനിമാതാരം വിനുമോഹന്റെ ഭാര്യാപിതാവിനെതിരെ പോക്‌സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചെന്ന പരാതിയിലാണ് തോട്ടയ്ക്കാട് സ്വദേശിയായ കട ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. തോട്ടയ്ക്കാട് സ്വദേശി ശശികുമാറിനെ ( ആർ.ഡി കുമാർ-60)തിരെയാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടിയെ കടന്നു പിടിച്ചതായും, സ്‌കൂളിലെ മറ്റു പെൺകുട്ടികളെ ഇയാൾ സമാന രീതിയിൽ ശല്യം ചെയ്തിരുന്നതായുമാണ് പരാതി ഉയർന്നിരിക്കുന്നത്.
സ്‌കൂളിൽ നിന്നും വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ കടയിൽ കയറിയ പെൺകുട്ടിയെ പ്രതി കടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് പെൺകുട്ടി വിവരം സ്‌കൂൾ അധികൃതരെ അറിയിച്ചു. സ്‌കൂൾ അധികൃതരാണ് കടയുടമയ്‌ക്കെതിരെ വാകത്താനം പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ ആക്ടിലെ വിവിധ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. സ്‌കൂളിലെ മറ്റു പെൺകുട്ടികളെ പ്രതി സമാന രീതിയിൽ കടന്ന് പിടിക്കുകയും ശല്യം ചെയ്യുകയും ചെയ്യുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കൂൾ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ മൊഴിയെടുത്തു. തുടർന്ന് മജിസ്‌ട്രേറ്റിനു മുന്നിൽ പെൺകുട്ടിയെ ഹാജരാക്കി പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടർന്ന് പ്രതിയുടെ കടയിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് പരിശോധനയുടെ ഭാഗമായി ശേഖരിക്കുന്നുണ്ട്. ഇതിനു ശേഷം മാത്രമേ അറസ്റ്റിലേയ്ക്കു കടക്കൂവെന്ന് വാകത്താനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസൺ അറിയിച്ചു.