
സ്വന്തം ലേഖകൻ
കൊച്ചി: കേരള ഹൈക്കോടതിയുടെ മുകളിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ഉടുമ്പുംചോല സ്വദേശി രാജേഷാണ്(46) ആത്മഹത്യ ചെയ്തത്. ആറാം നിലയിലെ കോടതി മുറിയിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി ഓടിയ രാജേഷ് കെട്ടിടത്തിൽ നിന്ന് നടുത്തളത്തിലേയ്ക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷ് അഭിഭാഷകനെ കാണാനായി കോടതിയിൽ എത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം. ആത്മഹത്യയ്ക്ക് കാരണമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
ഏത് സാഹചര്യത്തിലാണ് ഇയാൾ ഹൈക്കോടതിയിൽ എത്തിയത് എന്നതിനെപ്പറ്റിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളിൽ നിന്ന് ചില കുറിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു.