സുപ്രീംകോടതി ജസ്റ്റിസ്  ജെ.ചെലമേശ്വർ ഇന്നു വിരമിക്കും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേ കലാപമുയർത്തിയ മൂന്ന് മുതിർന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ജെ. ചെലമേശ്വർ ഇന്നു വിരമിക്കും. ശനിയാഴ്ച അദ്ദേഹത്തിന് 65 വയസ്സ് തികയും. സുപ്രീം കോടതിയിൽ ഏഴുവർഷം സേവനം ചെയ്തശേഷമാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ വിടവാങ്ങൽ. മേയ് 18 ആയിരുന്നു സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം. പിന്നാലെ വേനലവധിക്കായി കോടതി അടച്ചു. ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയി, മദൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവർക്കൊപ്പമാണ് ചീഫ് ജസ്റ്റിസിനെതിരേ ആരോപണങ്ങളുന്നയിച്ച് ജസ്റ്റിസ് ചെലമേശ്വർ വാർത്താസമ്മേളനം നടത്തിയത്. ഓരോ ബെഞ്ചിനും കേസുകൾ അനുവദിക്കുന്ന രീതിയെ ഇവർ ചോദ്യംചെയ്തു. 2014 ഡിസംബർ ഒന്നിന് അന്തരിച്ച പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ കേസിൽ സ്വീകരിച്ച നിലപാടിനെതിരേയും ആരോപണമുന്നയിച്ചു. ജനുവരി 12-നു നടന്ന വാർത്താസമ്മേളനം സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇത്തരത്തിലുള്ള ആദ്യ സംഭവമായിരുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന ചരിത്രവിധി പറഞ്ഞ ഒമ്പതംഗ ബെഞ്ചിൽ അംഗമായിരുന്നു അദ്ദേഹം. ഉയർന്ന കോടതികളിലെ നിയമനം കൈകാര്യം ചെയ്തിരുന്ന നാഷണൽ ജുഡീഷ്യൽ അപ്പോയിൻറ്മെന്റ് കമ്മിഷൻ നിയമം റദ്ദാക്കിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലും അദ്ദേഹമുണ്ടായിരുന്നു. ബെഞ്ചിലെ ഏക വിമത ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. വിവര സാങ്കേതികതാ നിയമത്തിലെ വിവാദ വകുപ്പായ 66എ റദ്ദാക്കിയ ബെഞ്ചിലും അംഗമായിരുന്നു.