Spread the love

തിരുവനന്തപുരം : ശബരിമല സ്വർണ്ണകൊള്ളകേസില്‍ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും പത്തനംതിട്ടയില്‍ നിന്നുള്ള മുതിർന്ന സിപിഎം നേതാവുമായ എ പത്മകുമാറിന്റെ സസ്പെൻഷനില്‍ തുടർ തീരുമാനം കുറ്റപത്രം വന്ന ശേഷമെന്ന നിലപാടില്‍ സിപിഎം. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടിയുണ്ടാകുമെന്നാണ് വിശദീകരണം. ആത്മകഥാ വെളിപ്പെടുത്തല്‍ നടപടിയെ സ്വാധ‌ീനിച്ചിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിശദീകരണം.

video
play-sharp-fill

നേരത്തെ കടുത്ത നടപടിയുണ്ടായാല്‍ പാർട്ടിയിലെ പ്രമുഖരുടെ പങ്കും മറ്റ് രഹസ്യങ്ങളും തുറന്നെഴുതിക്കൊണ്ട് ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് പത്മകുമാർ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ഈ ഭീഷണി ഫലം കണ്ടെന്നും പുറത്താക്കാനുണ്ടായ തീരുമാനം സസ്പെൻഷനില്‍ ഒതുക്കിയതിന് കാരണമിതാണെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. ശബരിമല കേസിന്റെ സമയങ്ങളിലെല്ലാം പത്മകുമാറിനെ ന്യായീകരിച്ച്‌ കരുതലോടെ പ്രതികരിച്ച സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് പിന്നീട്, പത്മകുമാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു. പാർട്ടിയുടെ പ്രതിച്ഛായ നിലനിർത്താൻ ശക്തമായ നടപടിയെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് നിരവധി നേതാക്കള്‍ യോഗത്തില്‍ വാദിച്ചിരുന്നു. എന്നാല്‍ പത്മകുമാറിന്റെ ഭാഗത്തുനിന്നുള്ള വെളിപ്പെടുത്തല്‍ ഭീഷണിയെ തുടർന്ന് സെക്രട്ടറിയേറ്റ് സസ്പെൻഷൻ തീരുമാനത്തിലേക്ക് മാറുകയും ഇത് പിന്നീട് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയുമായിരുന്നു.