play-sharp-fill
കേരളത്തിന് ഇടക്കാലാശ്വാസമായി 500 കോടി; പ്രധാനമന്ത്രി

കേരളത്തിന് ഇടക്കാലാശ്വാസമായി 500 കോടി; പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

കൊച്ചി: അടിയന്തര ധനസഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപ അനുവദിച്ചു. 2000 കോടിയുടെ ധനസഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇടക്കാല ആശ്വാസമായി 500 കോടി നൽകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. കൊച്ചിയിൽ നടന്ന അവലോകന യോഗത്തിനു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാൽ വെള്ളം ഇറങ്ങിയ ശേഷമേ യഥാർഥ നഷ്ടം കണക്കാക്കാൻ പറ്റൂ. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഗവർണർ സദാശിവവും മുഖ്യമന്ത്രിയും റവന്യൂമന്ത്രിയുമുൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് പ്രധാനമന്ത്രി 500 കോടിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ദുരന്തത്തിന്റെ ആഘാതം മനസിലാക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം ദുരിതബാധിത മേഖലകളിലെ വ്യോമനിരീക്ഷണം നിർത്തിവെക്കേണ്ടി വന്നു.