
കൊച്ചി: പാലാരിവട്ടത്ത് നടുറോഡിൽ പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ യുവതിയുടെ പരാക്രമം. പൊലീസ് വാഹനത്തിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കോഴിക്കോട് സ്വദേശിനി റസീലയേയും സുഹൃത്ത് പ്രവീണിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പാലാരിവട്ടം സംസ്കാര ജംഗ്ഷനിലാണ് സംഭവം. രാത്രി പന്ത്രണ്ടരയോടെ സംസ്കാര ജംഗ്ഷന് സമീപത്ത് വെച്ച് യുവതിയും യുവാവും പ്രദേശവാസികളോട് തട്ടിക്കയറുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്.
എന്നാൽ പൊലീസുദ്യോഗസ്ഥരോടും യുവതി തട്ടിക്കയറുകയായിരുന്നു. 23 കാരിയായ റെസിലിനോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടതോടെ വനിതാ പൊലീസ് ഉണ്ടെങ്കിലേ കസ്റ്റഡിയിലെടുക്കാനാവൂ എന്ന് പറഞ്ഞ് തർക്കമായി. അതിനിടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ കൊണ്ട് യുവതി പൊലീസ് വാഹനത്തിന് നേരെ എറിഞ്ഞു. ഇത് ഡ്രഗ്സാണെന്നും, ഞാൻ തിന്നാൻ പോകുവാണ് സാറേ എന്ന് ആക്രോശിച്ച് ഒരു പായ്ക്കറ്റ് കൈയ്യിലെടുത്ത് യുവതി പൊലീസിനെ അസഭ്യം വിളിച്ചു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നടുറോഡിൽ പരാക്രമം അഴിച്ചി വിട്ട യുവതി പൊലീസ് വാഹനത്തിന്റെ ഡോർ ബലമായി തുറക്കുകയും ഡോർ വിൻഡോയിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിക്കുകയും ചെയ്യുന്നത് പുറത്ത് വന്ന വീഡിയോയിൽ കാണാം. യുവതിയുടെ പരാക്രമത്തിൽ പൊലീസ് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പ്രവീണിനും റസീലയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group