
കോട്ടയം : 2026 ൽ യൂ.ഡി.എഫ് അധികാരത്തിൽ വരുമെന്ന് കേരളാ കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ. എ പ്രസ്ഥാവിച്ചു. കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇന്ന് ലഹരി,മാഫിയ, കൊട്ടേഷൻ സംഘങ്ങളുടെ പിടിയിൽ അകപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ കാർഷിക മേഖല പാടേ തകർന്നു. വില വർദ്ധനവ് മൂലം ജനം പൊറുതി മുട്ടിയിരിക്കുന്നത് ഈ ജനവിരുദ്ധ ഗവണ്മെന്റിന്റെ നേർകാഴ്ചയാണ് എന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനതിനോടാനുബന്ധിച്ചു കോട്ടയം ടി എം ജേക്കബ് നഗറിൽ (തിരുനക്കര മൈതാനം )കേരളാ കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ,യുടെ സാന്നിധ്യത്തിൽ പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. ആർ. ഗിരിജൻ, അഡ്വ. പി. എസ്. ജെയിംസ്, രാജു പാണാലിക്കൽ, റെജി ജോർജ്, കല്ലട ഫ്രാൻസിസ്, സുനിൽ എടപ്പാലക്കാട്ട്, സാജൻ ജോസഫ്, ടോമി വേദഗിരി, അനൂപ് കങ്ങഴ, ബി. എ.ഷാനവാസ്, ബിജു താനത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.