ലിംഗസമത്വത്തിന്റെ സന്ദേശം പങ്കുവെച്ച് അര്‍ജന്റീനയുടെ എവേ ജഴ്‌സി
ബ്യൂണസ് ഐറിസ്: ഖത്തറിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി അർജന്‍റീന പുതിയ എവേ ജേഴ്സി പുറത്തിറക്കി. ലിംഗസമത്വത്തിന്‍റെ സന്ദേശമാണ് ജേഴ്സിയിൽ ഉള്ളത്. രാജ്യത്തിന്‍റെ ദേശീയ പതാകയിൽ സൂര്യരശ്മികൾ പതിച്ചത് പോലെയുള്ള പർപ്പിൾ നിറത്തിലുള്ള ജേഴ്സിയാണ് പുറത്തിറക്കിയിരിക്കുന്നത്. എവേ മത്സരങ്ങളിൽ അർജന്‍റീന ഈ ജേഴ്സി ഉപയോഗിക്കും. മെസി ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ പങ്കെടുത്ത ചടങ്ങിലാണ് ജേഴ്സി അനാച്ഛാദനം ചെയ്തത്. അഡിഡാസാണ് ജേഴ്സി തയ്യാറാക്കിയിരിക്കുന്നത്. ലിംഗസമത്വവും വൈവിധ്യവുമെല്ലാം ജേഴ്സി നൽകുന്ന സന്ദേശങ്ങളാണെന്ന് അഡിഡാസ് പറഞ്ഞു. ജഴ്സി ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്.